രക്ഷാപ്രവര്‍ത്തനം വിഫലമായി; കടലില്‍ ചെരിഞ്ഞ ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങി, കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കൊച്ചി: കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലില്‍നിന്നു മാറ്റിയിരുന്നു. കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ രാവിലെ എത്തിയിരുന്നു.
നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വിഫലമാവുകയായിരുന്നു. കപ്പിലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്. അതേസമയം, കണ്ടെയ്‌നറില്‍ എന്താണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ടാണ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണത്. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് അപകടമെന്നു കരുതുന്നു.
തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായാണ് കപ്പല്‍ ചെരിഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ശനിയാഴ്ച രക്ഷപ്പെടുത്തിയിരുന്നു.
കപ്പല്‍ നിവര്‍ത്താനും കണ്ടെയ്നറുകള്‍ മാറ്റാനും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ ഉള്‍പ്പെടെ എത്തിച്ച് ശ്രമങ്ങള്‍ നടത്തിയിരുന്നു. കപ്പല്‍ കരയിലേക്ക് അടുപ്പിക്കാന്‍ കഴിയുമോ എന്നുള്‍പ്പെടെയുള്ള സാഹതചര്യങ്ങള്‍ നാവിക സേനയും പരിശോധിച്ചിരുന്നു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയില്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page