കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കടയുടെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകയറി മോഷ്ടാക്കള്‍ 65,000 രൂപ കവര്‍ന്നു. കല്ലങ്കൈ സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എ.ആര്‍ മിനി മാര്‍ട്ട് എന്ന കടയിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ മുന്നിലുള്ള ഗ്രില്‍സ് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് പണം കവര്‍ന്നതായി വ്യക്തമായത്. കടയ്ക്കുള്ളില്‍ രണ്ട് സ്ഥലങ്ങളിലായാണ് പണം സൂക്ഷിച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
