കണ്ണൂർ: പയ്യന്നൂരിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. കോത്തായി മുക്കിനും പുതിയങ്കാവിനും ഇടയിൽ ടാറിങ് പൂർത്തിയായ റോഡിൽ 20 മീറ്ററോളം നീളത്തിലാണ് വിള്ളലുണ്ടായത്. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തും. കുപ്പമടക്കമുള്ള പ്രദേശങ്ങളിൽ നേരത്തേ മണ്ണിടിച്ചിൽ ഉൾപ്പെടെ പ്രശ്നങ്ങളുണ്ടായിരുന്നു.കോഴിക്കോട്ട് പലയിടത്തും ദേശീയപാതയിൽ ഇന്ന് വിള്ളൽ കണ്ടെത്തിയിരുന്നു. വെങ്ങളം രാമനാട്ടുകര ബൈപ്പാസ് റൂട്ടിലെ അമ്പലപ്പടി-ചെറുകുളം അടിപ്പാതയിലും തിരുവങ്ങൂർ മേൽപാലത്തിനു മുകളിലുമാണ് പുതുതായി വിള്ളൽ ഉണ്ടായത്.അതിനിടെ ദേശീയ പാതയുടെ തകർച്ചയിൽ ദേശീയ പാത അതോറിറ്റിക്കെതിരെ (എൻഎച്ച്എഐ) ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിന് ഒട്ടും സന്തോഷമുള്ള കാര്യമല്ല സംഭവിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.മണ്ണിലൂടെ ഊർന്നിറങ്ങുന്ന വെള്ളമാണോ റോഡ് പൊളിയാൻ കാരണമെന്ന് പരിശോധിക്കണം. റോഡുകൾ മോശമാകാൻ ആരെങ്കിലും ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടെങ്കിൽ ക്രിമിനൽ കേസ് ചുമത്തണമെന്നും കോടതി നിർദേശിച്ചു.റോഡ് തകർച്ചയിൽ റിപ്പോർട്ട് സമർപ്പിക്കാൻ എൻഎച്ച്എഐ 10 ദിവസത്തെ സമയം തേടി. നിർമാണം നടത്തിയ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തിയതായും അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
