കാസര്‍കോട്: കാലവര്‍ഷത്തിന്റെ മുന്നോടിയായി ജില്ലയിലെ ദേശീയപാതയില്‍ ഗതാഗതവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനു ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. വിവിധ വകുപ്പ് ജീവനക്കാര്‍ സംയുക്ത പരിശോധന നടത്തുകയും പ്രശ്നങ്ങള്‍ വിലയിരുത്തുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജില്ലാതലത്തില്‍ കണ്ടിജന്‍സി പ്ലാന്‍ അവതരിപ്പിച്ചു. ജനപ്രതിനിധികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കൂടി ചേര്‍ത്ത് വീണ്ടും സ്ഥലപരിശോധന നടത്തിയതിനെ തുടര്‍ന്ന് നിലവില്‍ ദേശീയപാതയിലെ വിവിധ ഇടങ്ങളിലായി 101 പ്രശ്നങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം ഗൂഗിള്‍ ഷീറ്റില്‍ ഉള്‍പ്പെടുത്തി ഓരോ പ്രശ്നങ്ങളുടെയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തിത്തുടങ്ങി. പൂര്‍ണ്ണമായും പരിഹരിച്ചിട്ടുള്ള പ്രശ്നങ്ങള്‍, ഭാഗികമായി പരിഹരിച്ചിട്ടുള്ള പ്രശ്നങ്ങള്‍, പരിഹരിക്കാന്‍ ബാക്കിയുള്ളവ ഇങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡെപ്യൂട്ടി കളക്ടര്‍മാരായ എം. റമീസ് രാജ, എസ്.ബിജു എന്നിവര്‍ വിദഗ്ധസമിതിയ്ക്ക് നേതൃത്വം നല്‍കി. ഹോസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം തഹസില്‍ദാര്‍മാര്‍ക്കാണ് ഫീല്‍ഡിന്റെ ചുമതല. ആവശ്യമായ സഹായികളെയും ചേര്‍ത്ത് സ്‌ക്വാഡ് രൂപീകരിക്കുകയും
വിദഗ്ധര്‍ സ്‌ക്വാഡ് എല്ലാ ഇടങ്ങളിലും പരിശോധന നടത്തുകയും പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇതുവര 10 പ്രശ്നങ്ങള്‍ പരിഹരിച്ചു. 13 പ്രശ്നങ്ങള്‍ ഭാഗികമായി പരിഹരിച്ചു. രണ്ടുദിവസങ്ങള്‍ക്കകം മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കൃത്യമായ പരിഹാരം കണ്ടെത്തണമെന്നു ജില്ലാ കളക്ടര്‍ മുഴുവന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്യങ്കോട് വേളുവയല്‍ പാലത്തിന്റെ രണ്ട് സ്പാനിനിടയിലുള്ള മണ്ണ് നീക്കം ചെയ്തു. ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നു. കൂടാതെ ഡ്രെയിനേജ് നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.
ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന വീരമലക്കുന്ന്, മട്ടലായിക്കുന്ന്, ബേവിഞ്ച, ചട്ടഞ്ചാല്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നു. ബേവിഞ്ചയില്‍ ദേശീയപാതയുടെ സമീപത്തായി 150 കുടുംബങ്ങളാണുള്ളത്. വീരമലക്കുന്നിന്റെ പരിസരത്ത് ഒരു ഹോട്ടലും പത്ത് വീടുകളുമുണ്ട്. മട്ടലായിക്കുന്നിന്റെ പരിസരത്ത് 15 കുടുംബങ്ങള്‍ താമസിക്കുന്നു.
അവശ്യഘട്ടത്തില്‍ ഇവരെ മാറ്റിപാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു. ആവശ്യമായ ഗതാഗത നിയന്ത്രണവും മുന്‍കൂട്ടി നിശ്ചയിച്ചു. മട്ടലായിക്കുന്നിലെ ഇലക്ട്രിക് ലൈന്‍ പ്രശ്‌നം കെ.എസ്.ഇ.ബി പരിഗണിക്കുന്നു. ശനിയാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ജനപ്രതിധികളുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും.
