കാസര്‍കോട്: കുമ്പളയില്‍ നിര്‍ത്തിവച്ച ടോള്‍ ബൂത്ത് നിര്‍മാണ പ്രവൃത്തി വീണ്ടും ആരംഭിക്കാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റി തടഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ടോള്‍ ബൂത്ത് സ്ഥലത്ത് തൊഴിലാളികള്‍ എത്തിയത്. ഇതറിഞ്ഞ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ സംഘടിച്ച് സ്ഥലത്തെത്തി. പ്രവൃത്തി അവസാനിപ്പിക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെയും കാണുന്നതുവരെ നിര്‍മാണം നിര്‍ത്തിവക്കാന്‍ കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കളക്ടറുടെ ഈ തീരുമാനത്തിന് വിരുദ്ധമായാണ് ദേശീയപാതാ അധികൃതര്‍ വീണ്ടും നിര്‍മാണവുമായി മുന്നോട്ട് പോകുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ബന്ധപ്പെട്ടവരെ വിളിച്ചു സംസാരിച്ചതോടെ തൊഴിലാളികള്‍ കുഴികള്‍ വൃത്തിയാക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചു. രാത്രികാലത്ത് നിര്‍മാണം നടക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് കാവല്‍ നിര്‍ത്താനും ആലോചനയുണ്ട്. ആക്ഷന്‍ കമ്മിറ്റി നേതാക്കളായ സിഎ സുബേര്‍, എകെ ആരിഫ്, അന്‍വര്‍ ആരിക്കാടി,ലത്തിഫ് കുമ്പള തുടങ്ങിയവരുടെ നേതൃത്വത്തില്‍ 25 ഓളം പേരാണ് പ്രവൃത്തി ആരംഭിക്കുന്നത് തടയാനെത്തിയത്.
