കാസര്‍കോട്: കുമ്പളയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത് സര്‍വീസ് റോഡിന് തൊട്ടുരുമ്മി. റോഡരികിലെ സുരക്ഷാവേലി ഇല്ലാത്ത ട്രാന്‍സ്‌ഫോമര്‍ വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നു. കുമ്പള ബദര്‍ ജുമാ മസ്ജിദിന് എതിര്‍വശത്തെ സര്‍വീസ് റോഡിലാണ് അപകട കെണിയുള്ളത്. ഫൂട്ട് പാത്തിലൂടെ നടന്നുപോകുന്നവര്‍ക്ക് തൊടാന്‍ പറ്റുന്ന വിധമാണ് ട്രാന്‍സ്‌ഫോമര്‍ കെഎസ്ഇബി അധികൃതര്‍ സ്ഥാപിച്ചത്. ദേശീയപാതാ നിര്‍മാണം നടക്കുന്നതിനാല്‍ മൂന്നുമാസം മുമ്പാണ് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചത്. നിശ്ചിത അകലം പോലും പാലിക്കാതെയാണ് സര്‍വീസ് റോഡിന് സമീപം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കുട്ടികള്‍ കൂട്ടത്തോടെയാണ് ഫൂട്ട്പാത്തിലൂടെ നടന്നുപോകുന്നത്. മഴ തുടങ്ങിയതോടെ കുടയെടുത്തുപോകുന്നവര്‍ ട്രാന്‍ഫോര്‍മറില്‍ സ്പര്‍ശിക്കാനുള്ള സാധ്യത ഏറെയാണ്. അടിയന്തരമായി ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.
