കുറുന്തോട്ടിക്കും വാതം പിടിച്ചാല്‍?

ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നാല്‍, രണ്ടാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ പുസ്തകം തുറക്കേണ്ട. പുസ്തക പഠനം ഉണ്ടാവില്ല- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. സാമൂഹിക വിപത്തുകളില്‍ നിന്ന് കുട്ടികള്‍ അകന്നു നില്‍ക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസ് രണ്ടാഴ്ച കാലം. പുതിയ പദ്ധതി ആയതുകൊണ്ട് അധ്യാപകരെ ആദ്യം പഠിപ്പിക്കേണ്ടതാണല്ലോ. രണ്ടുദിവസത്തെ ശില്‍പശാല അധ്യാപകര്‍ക്ക്-വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നവര്‍ക്ക് ഈ ബോധം കുറെ നേരത്തെ ഉദിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസിന്റെ ഓഫീസില്‍ ഉണ്ടായ അനിഷ്ട സംഭവം ഒഴിവായേനെ! അഡ്വക്കേറ്റ് ദാസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഈ പദ്ധതി അവതരിപ്പിക്കണമായിരുന്നു. എങ്കില്‍, അദ്ദേഹത്തിന്റെ ‘തല തിരിഞ്ഞു’ പോവില്ലായിരുന്നു.
അഡ്വ. ദാസ് എന്താണ് കാട്ടിക്കൂട്ടിയത് എന്ന് പറയേണ്ടതില്ലല്ലോ- മാധ്യമങ്ങള്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജൂനിയര്‍ വക്കീലിനെ കണ്ണില്‍ ചോരയില്ലാത്ത വിധം മര്‍ദ്ദിച്ചു. സീനിയര്‍ വക്കീലിന്റെ പരാക്രമം. കൈകൊണ്ട് അടിച്ചത് പോരാഞ്ഞിട്ട് നിലം തുടയ്ക്കുന്ന ‘മോപ്പ് സ്റ്റിക്ക്’ കൊണ്ടു പ്രഹരിച്ചു പോലും. ക്രൂര താഡന താണ്ഡവം. ഇതിന് മാത്രം അഡ്വ. ശ്യാമിലി എന്ന ജൂനിയര്‍ വക്കീല്‍ എന്ത് മഹാപാതകമാണ് ചെയ്തത്? ഇനി ഓഫീസില്‍ വരേണ്ട എന്ന് സീനിയര്‍ പറഞ്ഞു പോലും. തിങ്കളാഴ്ച വൈകുന്നേരം ഫോണ്‍ ചെയ്ത് അടുത്തദിവസം വരാനാവശ്യപ്പെട്ടു. ശ്യാമിലി വന്നു. നേരത്തെ തന്നെ പുറത്താക്കിയതിന്റെ കാരണം ചോദിച്ചു. ‘ഈ ധിക്കാരം’ സീനിയറിനു പിടിച്ചില്ല, കരണത്തടിച്ചു. പെണ്ണിന്റെ ധിക്കാരം. അതു തന്നെ കാരണം.
തന്റെ ജൂനിയര്‍ വക്കില്‍ ഗുരുതരമായ കുറ്റം ചെയ്തെങ്കില്‍ കയറി കരണത്തടിക്കുകയോ? അതാണോ സീനിയര്‍ വക്കീല്‍ ചെയ്യേണ്ടത്? നിയമം പഠിച്ച് ബിരുദമെടുത്ത് വക്കീലായി എന്റോള്‍ ചെയ്ത ആളല്ലേ? സീനിയര്‍ ഗ്രേഡും കിട്ടിയിട്ടുണ്ട്. നിയമം കയ്യിലെടുക്കാന്‍ പാടുണ്ടോ? ഓരോരുത്തരും പ്രശ്നം തല്ലി തീര്‍ക്കുകയാണെങ്കില്‍, നിലവിലുള്ള നീതിന്യായ സംവിധാനങ്ങളുടെ (പോലീസ്, കോടതി, ഇത്യാദികള്‍) പ്രസക്തിയെന്താണ്?
ഏഴുമാസം പ്രായമായ കുഞ്ഞിന്റെ മാതാവായ ശ്യാമിലി, പോലീസില്‍ പരാതിപ്പെട്ടു. ഈ വിവരം മണത്തറിഞ്ഞ ബെയിലിന്‍ദാസ് മുങ്ങി. ഏത് സാധാരണ കുറ്റവാളിയും ചെയ്യുന്നത് മാതിരി ഒളിവില്‍ പോയി. അഡ്വ. ശാമിലി, ബാര്‍ കൗണ്‍സിലില്‍ പരാതി കൊടുത്തു. അഭിഭാഷകയായ തനിക്ക് മറ്റൊരു അഭിഭാഷകനില്‍ നിന്നുണ്ടായ അതിക്രമം സംബന്ധിച്ച്. അഭിഭാഷകനായിരിക്കാന്‍ യോഗ്യനല്ല എന്ന് സ്വയം തെളിയിച്ച വ്യക്തിയെ ബാര്‍ കൗണ്‍സില്‍ നിന്ന് പുറത്താക്കണം; പ്രാക്ടീസ് മുടക്കണം എന്ന് ആവശ്യപ്പെട്ടു. ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് വാര്‍ത്തയുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ രണ്ടംഗ അഭിഭാഷകസമിതിയെ നിയോഗിച്ചിട്ടുണ്ടത്രെ. റിപ്പോര്‍ട്ട് കിട്ടിയശേഷം നിജസ്ഥിതി മനസ്സിലാക്കാന്‍ തുടര്‍നടപടിയെടുക്കും എന്ന് കൗണ്‍സില്‍. പ്രാഥമിക നടപടി എന്ന നിലയില്‍ അഡ്വ. ബെയില്‍ദാസിനെ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കീട്ടുണ്ടത്രെ.
എന്നാല്‍ അഭിഭാഷകര്‍ ഒറ്റക്കെട്ടായി സീനിയറിന്റെ ഭാഗത്താണെന്നും വാര്‍ത്തയുണ്ട്. അഡ്വ. ദാസിന്റെ പേരില്‍ നടപടിയെടുക്കുകയാണെങ്കില്‍ അഭിഭാഷകര്‍ ഒന്നാകെ കോടതി ബഹിഷ്‌കരിക്കും എന്ന് ഭീഷണിയുണ്ടത്രേ.
70 കൊല്ലം മുമ്പ് നടന്ന ഒരു സംഭവം: അതും ഒരു കോടതി വളപ്പില്‍ അരങ്ങേറിയത്. കഥാപാത്രങ്ങള്‍ അഭിഭാഷകര്‍. മുന്‍ സര്‍ക്കാറിന്റെ കാലത്ത് നിയമിതനായ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതി വളപ്പില്‍ വച്ച് ഒരു യുവതിയെ കയറിപ്പിടിച്ചു. യുവതി കുതറി നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ വക്കീല്‍ മുങ്ങി യുവതിയുടെ പരാതിയില്‍ പോലീസ് വില്ലന്‍ വക്കീലിന്റെ പേരില്‍ കേസെടുത്ത് പിന്തുടര്‍ന്നു. അഭിഭാഷക സുഹൃത്തുക്കള്‍ വില്ലനെ ഒളിപ്പിച്ചു. പോലീസിന്റെ പിടിയില്‍പ്പെടാതെ കോടതിയില്‍ ഹാജരാക്കി ജാമ്യമെടുക്കാനായിരുന്നു ശ്രമം. പഴുതടച്ച് കാവല്‍ നിന്ന പോലീസ് വക്കീലിനെ പിടികൂടി. അപ്പോഴേക്കും ‘കരിങ്കോട്ടന്മാര്‍’ പ്രതിഷേധവുമായി കോടതിനിറഞ്ഞു. സ്വമേധയാ കോടതിയില്‍ ഹാജരാകാന്‍ വന്ന കുറ്റാരോപിതനെ-അതും ഒരു പബ്ലിക് പ്രോസിക്യൂട്ടറെ-മാര്‍ഗമധ്യേ തടഞ്ഞ് അറസ്റ്റ് ചെയ്യുക! ഗുരുതരമായ അന്യായം! അഭിഭാഷക സംഘം കോടതി ബഹിഷ്‌കരണം പ്രഖ്യാപിച്ചു. വിയോജിപ്പ് പ്രകടിപ്പിച്ച അഭിഭാഷകരെ ബാര്‍ അസോസിയേഷനില്‍ നിന്നു പുറത്താക്കി. അതാണ് വര്‍ഗ്ഗബോധം!
വാഴ്ചയൊഴിഞ്ഞുപോയ സര്‍ക്കാര്‍, പാര്‍ട്ടിക്കൂറ് നോക്കി നിയമിച്ച പബ്ലിക് സ്‌കൂട്ടര്‍മാര്‍, സര്‍ക്കാര്‍ മാറുമ്പോള്‍ അവര്‍ സമ്മാനിച്ച പദവി ഒഴിയേണ്ടതാണ്. അതാണു സാമാന്യ മര്യാദ. ഇവിടെ അത് ഉണ്ടായില്ല.
പീഡനശ്രമത്തിനിരയായ യുവതിയുടെ പരാതിയും കേസും എങ്ങോപോയി. അതും നാട്ടുനടപ്പ്. വഞ്ചിയൂരിലെ കേസും അതേ വഴിക്കോ?
കുറുന്തോട്ടിക്കും വാതം പിടിച്ചാല്‍….

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഓട്ടത്തിനിടയില്‍ ബസിന്റെ മുന്‍ വശത്തു നിന്നു പുക ഉയര്‍ന്നു; പരിശോധിക്കുന്നതിനിടയില്‍ മുന്നോട്ട് നീങ്ങിയ ബസ് മറ്റൊരു ബസിലിടിച്ച് മെഡിക്കല്‍ ഷോപ്പിലേക്ക് പാഞ്ഞു കയറി, അഡൂരില്‍ ഒഴിവായത് വന്‍ ദുരന്തം

You cannot copy content of this page