കുമ്പള: കുമ്പള റെയില്‍വേസ്റ്റേഷന്‍ വികസനത്തിനു പാസഞ്ചേഴ്‌സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, നാട്ടുകാരും, വ്യാപാരികളും, വിദ്യാര്‍ത്ഥികളും വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കെ, ലിഫ്റ്റും പാര്‍ക്കിംഗ് സൗകര്യവും അധികൃതര്‍ അനുവദിച്ചു. കഴിഞ്ഞ ദിവസം നടന്ന പാലക്കാട് ഡിവിഷനിലെ എംപിമാരുടെ യോഗത്തില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും, മലബാര്‍ ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് വൈകുന്നേരങ്ങളില്‍ ട്രെയിന്‍ സൗകര്യം ഇല്ലാത്തതും ചര്‍ച്ചയ്ക്ക് എടുത്തതേയില്ലെന്നു പറയുന്നു. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ ഏക്കര്‍ കണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി കൊണ്ടുള്ള വികസനം നടപ്പിലാക്കണമെന്ന ആവശ്യവും ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെ വാദം മാത്രമാണു യോഗത്തില്‍ കേട്ടതെന്നും ആക്ഷേപമുണ്ട്. ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട് ഡിവിഷണല്‍ ഡിആര്‍എം യോഗത്തില്‍ വിശദീകരിച്ചത് റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കുന്ന നാമമാത്രമായ ചെറുകിട പദ്ധതികളാണ്. ഇതില്‍ കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും, റെയില്‍വേ സ്റ്റേഷനില്‍ വിമാനത്താവള നിലവാരത്തില്‍ വെളിച്ചം ഏര്‍പ്പെടുത്തിയതായും, സ്റ്റേഷന്‍ പരിസരത്ത് 1832 ചതുരശ്ര മീറ്റര്‍ സ്ഥലം പാര്‍ക്കിങ്ങിനായി സജ്ജമാക്കി എന്നുമാണ് യോഗത്തില്‍ അറിയിച്ചത്.
ജില്ലയില്‍ വരുമാനത്തില്‍ ഏറെ മുന്നിലുള്ള സ്റ്റേഷനുകളില്‍ ഒന്നാണ് കുമ്പള റെയില്‍വേ സ്റ്റേഷന്‍. ഇതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനം കുമ്പളയില്‍ നടപ്പാക്കിയിട്ടില്ല. ഇവിടെ രാവിലെ ചുരുക്കം ചില ട്രെയിനുകള്‍ക്ക് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. അതേപോലെയാണ് വൈകുന്നേരവും. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യം പോലും പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കുമ്പളയിലെയും ചുറ്റുപാടുമുള്ള എട്ടോളം പഞ്ചായത്തുകളിലെയും യാത്രക്കാര്‍ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. കുമ്പളയില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതിനാല്‍ ട്രെയിന്‍ യാത്രാ സൗകര്യം ലഭിക്കുന്നില്ല. ഇതൊക്കെ പരിഗണിച്ച് കുമ്പളയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നായിരുന്നു പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും, മൊഗ്രാല്‍ ദേശീയ വേദിയുടെയും ദീര്‍ഘ കാലമായുള്ള ആവശ്യം.
