കാസർകോട്: ദേശീയപാത അധികൃതർ കുമ്പളയിൽ സ്ഥാപിക്കുന്ന താൽക്കാലിക ടോൾ ബൂത്തിനെതിരെ ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കുന്നു. അതിനിടെ ജില്ലാ കളക്ടർ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗം തിങ്കളാഴ്ച 10 മണിക്ക് വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ ജില്ലയിലെ അഞ്ച് എംഎൽഎമാരും എംപിയും ദേശീയപാത അതോറിറ്റി അധികൃതരും സംബന്ധിക്കും. യോഗത്തിൽ അനുകൂലമായ തീരുമാനം യോഗത്തിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി സി എ സുബൈർ ടോൾ നിർമ്മാണത്തിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആക്ഷൻ കമ്മിറ്റിയും ഹൈക്കോടതിൽ കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്. തിങ്കളാഴ്ച നടക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും ഉറ്റുനോക്കുകയാണ്. മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കുവേണ്ടി മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. 2008ലെ നാഷനൽ ഹൈവേ ഫീസ്(നിരക്കുകളും പിരിവും നിർണയിക്കൽ) നിയമ പ്രകാരം ദേശീയ പാതയിൽ 60 കിലോമീറ്റർ ദൂരപരിധിയിൽ ദേശീയപാത അതോറിറ്റിയുടെയോ മറ്റേതെങ്കിലുമോ ടോൾ പ്ലാസ സ്ഥാപിക്കാൻ പാടുള്ളതല്ല.2 ടോൾ ഗേറ്റുകൾ തമ്മിൽ 60 കിലോ മീറ്റർ ദൂരവ്യത്യാസം വേണമെന്നിരിക്കെ കുമ്പളയിൽ ടോൾ ഈടാക്കുന്നത് അന്യായമാണ്.ഇതിന് വിരുദ്ധമായാണ് ദേശീയപാത അതോറിറ്റി ടോൾ പിരിക്കാനിറങ്ങുന്നതെന്നു ആക്ഷൻ കമ്മിറ്റി പറയുന്നു.
