കൊച്ചി: പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന കൊച്ചി നേവൽ ആസ്ഥാനത്തേക്കു ഫോൺ വിളിച്ച് ഔദ്യോഗിക വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. ഐഎഎൻഎസ് വിക്രാന്തിനെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കാനാണ് ഇയാൾ ശ്രമിച്ചത്. നേവൽ ആസ്ഥാനത്തെ ലാൻഡ് നമ്പറിലേക്കു വെള്ളിയാഴ്ച രാവിലെയാണ് ഫോൺ വിളിയെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു രാഘവനാണു വിളിക്കുന്നതെന്നാണ് പരിചയപ്പെടുത്തിയത്. ഐഎഎൻഎസ് വിക്രാന്ത് ഇപ്പോളുള്ള ലോക്കേഷൻ ഇയാൾ അന്വേഷിച്ചു. ഇതോടെ നാവിക സേന പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട്ടു നിന്നു പിടികൂടിയ ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
