തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു സ്വർണം മോഷണം പോയതായി പരാതി. 13 പവൻ സ്വർണം മോഷണം പോയെന്നാണ് പ്രാഥമിക നിഗമനം. സ്വർണം കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെ ലോക്കറിലെ കണക്കെടുപ്പിനിടെയാണ് 107 ഗ്രാം സ്വർണം മോഷണം പോയതായി കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂശാൻ വച്ച സ്വർണമാണ് കാണാതായത്. അർധ സൈനിക വിഭാഗങ്ങളുടെ സുരക്ഷയിലാണ് ക്ഷേത്രമുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ക്ഷേത്രത്തിൽ നിന്നു തളിപാത്രം മോഷണം പോയതായി പരാതി ഉയർന്നിരുന്നു. ഇതോടെ ബിഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പാത്രം അബദ്ധത്തിൽ മാറിപോയതാണെന്നു കണ്ടെത്തിയതോടെ വിട്ടയച്ചു. ഇയാൾ പൂജയ്ക്കായി കൊണ്ടുവന്ന പാത്രം തറയിൽ വീണു. ഈ സമയം തളിപാത്രം അബദ്ധത്തിൽ മാറി എടുക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
