കാസര്‍കോട്: പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നിര്‍മ്മാണ തൊഴിലാളി പിടിയില്‍. കണ്ണൂര്‍ ജില്ലക്കാരനും ഇപ്പോള്‍ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ ജോഷി (55)യെ ആണ് ബേക്കല്‍ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. പെണ്‍കുട്ടിയുടെ കുടുംബവും ജോഷിയും പനയാല്‍ ഗ്രാമത്തിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ തൊട്ടടുത്ത മുറികളില്‍ താമസിച്ചു വരുന്നതിനിടയില്‍ 2023ല്‍ ആണ് കേസിനാസ്പദമായ സംഭവം. മുറിയില്‍ മറ്റാരും ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് വിവരം ബേക്കല്‍ പൊലീസിനെ അറിയിച്ചത്. പോക്‌സോ പ്രകാരം കേസെടുത്താണ് ജോഷിയെ കസ്റ്റഡിയിലെടുത്തത്.
