ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ വിദ്വേഷം പടർത്തുന്ന സമൂഹ മാധ്യമ പോസ്റ്റിട്ട ഹോംഗാർഡ് അറസ്റ്റിൽ. ബെംഗളൂരുവിലെ ഹോം ഗാർഡ്സ് ഓഫിസിൽ ജോലി ചെയ്യുന്ന സമ്പത്ത് സാലിയനാണ് പിടിയിലായത്. മുഖ്യമന്ത്രി സിദ്ധരാമയ്യ കൊല്ലപ്പെട്ടാൽ ഹിന്ദുക്കൾക്കു സമാധാനം ലഭിക്കും എന്നായിരുന്നു ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ പരാമർശം. പിന്നാലെ സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കർക്കള സ്വദേശി സൂരജ് പൊലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ സമ്പത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ സമൂഹമാധ്യമത്തിലെ ഇടപെടലുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.
