മംഗ്‌ളൂരു: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 8 പേര്‍ അറസ്റ്റില്‍. മംഗ്‌ളൂരു, ബജ്‌പെ, ശാന്തിഗുഡ്ഡെയിലെ അബ്ദുല്‍ സഫ്‌വാന്‍ (29), നിയാസ് (25), മുഹമ്മദ് മുസാമില്‍ (32), ബാല കളവാറു, കുര്‍സുഗുഡ്ഡയിലെ കലന്തര്‍ ഷാഫി (29), മംഗളാപ്പേട്ടയിലെ ആദില്‍ മെഹ്‌റൂഫ് (27), ചിക്കമംഗ്‌ളൂരു, മാവിനക്കരെ, കൊടേഹോളയിലെ എം. നാഗരാജ് (20), തോക്കൂര്‍, ജോക്കട്ടയിലെ മുഹമ്മദ് റിസ്‌വാന്‍ (28), രഞ്ജിത്ത് (30) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കൊലയാളികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍, ബൊലേറോ പിക്കപ്പ് എന്നിവയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയതായി പൊലീസ് പറഞ്ഞു.
ഒന്നാം പ്രതിയായ അബ്ദുല്‍ സഫ്‌വാന്‍ ആണ് കൊലപാതകം ആസൂത്രണം നടത്തിയതെന്നു പൊലീസ് വെളിപ്പെടുത്തി. മെയ് ഒന്നിന് രാത്രി 8.30 മണിയോടെയാണ് മംഗ്‌ളൂരുവില്‍ വലിയ സംഘര്‍ഷത്തിനു ഇടയാക്കിയ കൊലപാതകം നടന്നത്. അറസ്റ്റിലായ ആദില്‍ മെഹ്‌റൂഫ് 2022ല്‍ കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനാണ്. പ്രസ്തുത കൊലപാതകത്തിന്റെ പ്രതികാരമെന്ന നിലയ്ക്കാണ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് പ്രതികള്‍ അറസ്റ്റിലായ വിവരം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
