തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അടുത്ത ബന്ധുവിന് 47 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ഡൗൺസിൻഡ്രോം രോഗബാധിതയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി രാജീവനെ (41) യാണു തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 8 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2025 സെപ്റ്റംബർ 25നാണ് കേസിനാസ്പദമായ സംഭവം. ആരോരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്നാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. മുറിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ അടുക്കള ഭാഗത്തേക്ക് വലിച്ചു കൊണ്ടു പോയി മർദ്ദിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടിയുടെ ചേച്ചി വീട്ടിലേക്ക് എത്തിയതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. പീഡനത്തിൽ കുട്ടിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുൻപ് 2 തവണ ഇയാൾ പീഡിപ്പിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പുറത്തു പറയാത്തതെന്നും കുട്ടി മൊഴി നൽകി. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
