കാസർകോട്: ചുട്ടുപൊള്ളുന്ന വെയിലത്ത് ദേശീയ പാതയിൽ ഉറങ്ങാൻ കിടന്ന ആളെ പെർവാഡ് സ്വദേശികളായ യുവാക്കൾ രക്ഷപ്പെടുത്തി. കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച ശേഷം കുമ്പള പൊലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം സ്നേഹാലയത്തിലേയ്ക്ക് മാറ്റി. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൊഗ്രാൽ മുഹ് യുദ്ധീൻ ജുമാ മസ്ജിദിനു സമീപത്ത് ദേശീയ പാതയിലാണ് സംഭവം. ഇതുവഴി കടന്നുപോയ ഒരു ബൈക്ക് യാത്രക്കാരനാണ് ചുട്ടുപൊ ള്ളുന്ന വെയിലിൽ ഒരാൾ വാഹനങ്ങൾ ഇരുഭാഗങ്ങളിലേയ്ക്കും ചീറി പായുന്ന ദേശീയ പാതയിൽ കിടക്കുന്നത് കണ്ടത്. മാറാൻ പറഞ്ഞിട്ടും അതിനു തയ്യാറായില്ലത്രെ .തുടർന്ന് റോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പെർവാഡിലെ കബീർ, സാജു എന്നിവർ സ്ഥലത്തേക്കു ഓടിയെത്തി റോഡിൽ കിടക്കുകയായിരുന്ന ആളെ അവിടെ നിന്നു മാറ്റി. ചോദിച്ചപ്പോൾ ഷാനവാസ് എന്നാണ് പേരെന്നും കൊല്ലം സ്വദേശിയാണെന്നും പറഞ്ഞു. വിവരം പൊലീസിനെ അറിയിച്ചതോടെ എസ് .ഐ . രാജീവ് , എ. എസ്.ഐ.പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് കബീറും സാജുവും ചേർന്ന് ഷാനവാസിനെ കുളിപ്പിച്ച ശേഷം ഭക്ഷണം നൽകി. തുടർന്നാണ് പൊലീസ് സഹായത്തോടെ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലേയ്ക്ക് മാറ്റിയത്. ഷാനവാസിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നവർ ബന്ധപ്പെടണമെന്ന് കുമ്പള പൊലീസ് അറിയിച്ചു.
