ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക് അധീന കശ്മീരിലെ മദ്രസകൾക്കു 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. പാക്കിസ്താൻ മതകാര്യ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. മദ്രസകളെ ഇന്ത്യൻ സൈന്യം ലക്ഷ്യം വച്ചേക്കാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലാണി തെന്നു വകുപ്പ് ഡയറക്ടർ ഹാഫിസ് നസീർ അഹമ്മദ് പറഞ്ഞു. പാക് അധീന കശ്മീരിൽ 445 മദ്രസകളിൽ 26,000 വിദ്യാർഥികളുണ്ടെന്നാണ് കണക്ക്.
അതിനിടെ പാക്കിസ്താനിലെ എംഎഫ് സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നതിനു വിലക്കേർപ്പെടുത്തി. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നു പാക്കിസ്താൻ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
പാക്കിസ്താൻ വാഗാ അതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്ന് തിരിച്ചു പോയ ഒട്ടേറെ പേർ അതിർത്തിയിൽ കുടുങ്ങിയിരിക്കുകയാണ്.പൗരന്മാർക്കായി അതിർത്തി തുറക്കാൻ അധികൃതർ വിസമ്മതിച്ചതോടെയാണ് കുട്ടികൾ ഉൾപ്പെടെ കുടുങ്ങിയത്. അതിർത്തി അടച്ച നടപടി താൽക്കാലികമാണോയെന്ന് വ്യക്തമല്ല.
