കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന്‍ എന്ന വി.എം ഹിരണ്‍ദാസിനെ വനം വകുപ്പ് അറസ്റ്റു ചെയ്തു. കഴുത്തില്‍ അണിഞ്ഞിരുന്ന മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കുറ്റത്തിനാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുത്ത വേടനെ രാത്രിയിലാണ് വനം വകുപ്പിന് കൈമാറിയത്. രാത്രി 12 മണിയോടെ കോടനാട്, മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ച വേടനെ ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റു ചെയ്തത്.
പ്രാഥമിക പരിശോധനയില്‍ ലോക്കറ്റായി ഉപയോഗിച്ചിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി പല്ല് ഹൈദരാബാദിലേക്ക് രാസപരിശോധനയ്ക്ക് അയക്കും. ജാമ്യമില്ലാ കുറ്റമാണ് വേടനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിട്ടുള്ളത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് ഇയാളുടെ ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്.
