കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനു കാഞ്ഞങ്ങാട്ടെ അഭിഭാഷകയെ കാണാനായി കുടുംബസമേതം എത്തിയ യുവഡോക്ടറും സൂഫിസം പ്രചാരകനുമായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം എടയൂര്‍ സ്വദേശിയും കുറ്റിപ്പുറം മൂടാലില്‍ താമസക്കാരനുമായ ഡോ. കെ.എച്ച് അന്‍വര്‍ (41) ആണ് മരിച്ചത്.
ഭാര്യ നസീമ, മക്കളായ അയാന്‍, ഇനായ, ഐറിഖ് എന്നിവര്‍ക്കും കുടുംബസുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ഡോക്ടര്‍ ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്ക് പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി അഭിഭാഷകയെ കാണാനാണ് ഡോക്ടറും മറ്റും എത്തിയത്. പുതിയ കോട്ട പള്ളിയില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനായിരുന്നു കൂടെ ഉണ്ടായിരുന്നവരുടെ തീരുമാനം. എന്നാല്‍ വിവരമറിഞ്ഞ് എത്തിയ പൊലീസ് ഡോക്ടറുമായി സംസാരിച്ചു. ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും അതിന്റെ കാരണം അറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം. ഇതോടെ പോസ്റ്റുമോര്‍ട്ടം വേണമെന്നു പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇതിനു കൂടെ ഉണ്ടായിരുന്നവര്‍ തയ്യാറായില്ല. ഇതിനിടയില്‍ ഫ്രീസര്‍ സൗകര്യം ഇല്ലെന്നും മൃതദേഹം മാറ്റണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച സഹോദരന്‍ എത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്.
