ബംഗളൂരു: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതി നാരായണദാസ് പിടിയില്‍. ബെംഗളൂരുവില്‍ നിന്നാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
നേരത്തേ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. കോടതിയില്‍ നിന്നു ഒരു സഹതാപവും ദാസ് പ്രതീക്ഷിക്കേണ്ടെന്നു കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നു എല്‍എസ്ഡി സ്റ്റാമ്പെന്നു സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തത്. തുടര്‍ന്ന് 72 ദിവസം ജയിലില്‍ കഴിഞ്ഞു. എന്നാല്‍ രാസപരിശോധനയില്‍ പിടിച്ചെടുത്തത് ലഹരിവസ്തുക്കളല്ലെന്ന് കണ്ടെത്തിയതോടെ ഷീലയെ ഹൈക്കോടതി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയുടെ സുഹൃത്തായ ദാസ് ഇവരെ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ദാസ് പിടിയിലായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ എന്തിനു വേണ്ടിയാണ് ഇതു ചെയ്തതെന്ന് പുറത്തു വരണമെന്നും ഷീല സണ്ണി പ്രതികരിച്ചു. ഇതിനു പിന്നില്‍ മരുമകളാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
