ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കു വ്യക്തമായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തത്. ഭീകരാക്രമണം നടന്നതിനു പിന്നാലെ ഈ വീടുകളില്‍ ഉണ്ടായിരുന്നവരെല്ലാം ഒഴിഞ്ഞു പോയിരുന്നു. ത്രാല്‍ സ്വദേശി ആസിഫ് ഹുസൈന്‍, ബിജ്ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്.
ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കൊച്ചിയില്‍ നിന്നുള്ള രാമചന്ദ്രനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറുകണക്കിനു പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
