ആടുവളര്‍ത്തിയ വായനക്കാരിയുടെ അനുഭവസാക്ഷ്യം

ഏപ്രില്‍ 23ന് രാവിലെ പുസ്തക ദിനത്തില്‍ തന്റെ അമ്പതാമത്തെ വയസ്സില്‍ പുസ്തക വായന തുടങ്ങി. ഇപ്പോള്‍ അറുപത്തിയഞ്ചിലെത്തിയ ആടുവളര്‍ത്തിയ വായനക്കാരി ബേഡകത്തെ സതീദേവി എന്റെ വീട്ടില്‍ എത്തി. സന്തോഷത്തോടെ അവരെ സ്വീകരിച്ചു. കേവലം 3-ാം ക്ലാസു വരെ മാത്രമെ സ്‌കൂളില്‍ പോയിട്ടുള്ളു. അന്ന് ഉള്ളിലുറച്ച അക്ഷരങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു. ദാരിദ്ര്യം മൂലം പഠനം നിര്‍ത്തി അച്ഛന്റെയും അമ്മയുടെയും കൂടെ കൃഷിപ്പണിക്കുപോയി. ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ’ എന്ന് സാക്ഷരതാപ്രവര്‍ത്തന കാലത്ത് വിളിച്ചു പറഞ്ഞത് സതി കേട്ടിട്ടുണ്ട്. പുസ്തകം കയ്യിലെടുത്തു. വായിക്കാന്‍ ആവുന്നില്ല. വെറുതെ ചിത്രങ്ങള്‍ നോക്കി. ചിത്രങ്ങളുടെ ഉള്ളടക്കമറിയാന്‍ ആഗ്രഹം. പക്ഷേ വിശപ്പു മാറ്റാന്‍ അധ്വാനിച്ചേ പറ്റൂ. വയസ്സു പന്ത്രണ്ടായി. അക്കാലത്ത് പന്ത്രണ്ട് വയസ്സുകാരികളായ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് താല്‍പര്യമായിരുന്നു. പെണ്‍കുട്ടികളുടെ അഭിപ്രായം ചോദിച്ചറിയാതെ യുവാക്കള്‍ക്ക് വിവാഹം ചെയ്തു കൊടുക്കും. അവരുടെ ജീവിതം അങ്ങനെ കഴിയുമല്ലോ എന്ന ചിന്തയാണ് രക്ഷിതാക്കള്‍ക്ക്. അങ്ങനെ എട്ടും പൊട്ടും തിരിയാത്ത സതി എന്ന പന്ത്രണ്ടുകാരിയെ ഇരുപത്തെട്ടുകാരനായ യുവാവിന് വിവാഹം ചെയ്തു കൊടുത്തു. വരന്റെ നില്‍പ്പും നോട്ടവും കണ്ടപ്പോള്‍ സതി എന്ന പെണ്‍കുട്ടി പേടിച്ചു പോയി. അവള്‍ വരന്റെ കഴുത്തില്‍ മാലചാര്‍ത്താന്‍ തുനിഞ്ഞപ്പോള്‍ ഭയന്ന് വിറച്ചതിനാല്‍ മാല നിലത്ത് വീണു. ആരോ എടുത്തു കൊടുത്തതിനാല്‍ വീണ്ടും ചാര്‍ത്തി. വരന്റെ വീട്ടിലെത്തിയിട്ടും ഭയം മാറിയില്ല. സതി ഭര്‍ത്താവിന്റെ അമ്മയോടൊപ്പം കിടക്കും. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്ന് സതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അതോടെ ശൈശവ വിവാഹ ബന്ധവും ഇല്ലാതായി.
അതിന് ശേഷം ബീഡി കമ്പനിയില്‍ ബീഡി തെറുക്കാന്‍ പോയി. കൂടെയുള്ളവര്‍ അവര്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചും പത്രവാര്‍ത്തകളെക്കുറിച്ചും പരസ്പരം പറയുമ്പോള്‍ സതിയുടെ ഉള്ളില്‍ വായിക്കാനുള്ള മോഹമുണര്‍ന്നു.
ആയിടക്ക് 28-ാം വയസ്സില്‍ വിവാഹം നടന്നു. പത്തുവര്‍ഷത്തിന് ശേഷം അവര്‍ക്ക് മകനുണ്ടായി. ആറാം ക്ലാസിലെത്തിയ മകന്‍ അടുത്തുള്ള ലൈബ്രറിയില്‍ പോയി ഒരു പുസ്തകം വാങ്ങിക്കൊണ്ടുവരാന്‍ അമ്മയോട് ആവശ്യപ്പെടുന്നു. അങ്ങനെ സതി വീടിനടുത്തുള്ള ലൈബ്രറിയില്‍ ചെന്നു. ലൈബ്രറേറിയനെ കണ്ടു. പുസ്തകം ആവശ്യപ്പെട്ടപ്പോഴാണറിയുന്നത് ലൈബ്രറിയില്‍ അംഗത്വമെടുത്താലേ പുസ്തകം എടുക്കാന്‍ പറ്റുവെന്ന്. മെമ്പര്‍ഷിപ്പ് എടുത്തു ആദ്യമായൊരു പുസ്തകം എടുത്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ എന്ന പുസ്തകവുമായി വീട്ടിലെത്തി. മകന് പുസ്തകം നല്‍കി. രതുകൃഷ്ണന്‍ ആകാംക്ഷയോടെ പുസ്തകം വാങ്ങി വായിക്കാന്‍ തുടങ്ങി. രതുവിന്റെ വായന കേട്ട് സതിക്കും വായിക്കണമെന്ന് ആശ തോന്നി. ‘അമ്മക്ക് ഞാന്‍ വായിക്കാന്‍ പഠിപ്പിച്ചു തരാം’ രതു പറഞ്ഞു. സതി മകനോട് ചേര്‍ന്നിരുന്നു. അക്ഷരങ്ങള്‍ ഓരോന്നായി പറഞ്ഞു കൊടുത്തു. വാക്കുകള്‍ കൂട്ടിവായിക്കാന്‍ ശീലിപ്പിച്ചു. പണ്ട് പഠിച്ചു മറന്ന അക്ഷരങ്ങള്‍ ഒന്നുകൂടി തേച്ചുമിനുക്കി. ഒരു മാസത്തിനകം കഷ്ടിച്ചു വായിക്കാന്‍ തുടങ്ങി. വായനയോട് ഇഷ്ടം തോന്നി. കളഞ്ഞുകിട്ടിയ കടലാസ് തുണ്ടുകളിലെ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങി.
ലൈബ്രറിയില്‍ നിന്ന് അടുത്ത പുസ്തകം എടുത്തു. മകന്‍ രതുവിന്റെ സഹായത്താല്‍ ആ പുസ്തകവും വായിച്ചു. ആ സമയത്താണ് സ്‌കൂളില്‍ നിന്ന് മകന് ഒരാട്ടിന്‍ കുട്ടിയെ സര്‍ക്കാര്‍ വകയായി കിട്ടുന്നത്. അതിനെ ഓമനിച്ചും ആശ്ശേഷിച്ചും രണ്ടു പേരും കൂടി പോറ്റി വളര്‍ത്തി. ക്ലബ്ബില്‍ നിന്ന് ഒരാട്ടിന്‍ കുട്ടിയെ സതിക്കും ലഭിച്ചു. രണ്ടാട്ടിന്‍ കുട്ടികളായപ്പോള്‍ വളരെ സന്തോഷമായി. ആ സമയത്തു തന്നെ പുസ്തക വായനയും തകൃതിയായി നടന്നു. വായനക്കാരിയായി മാറിയ സതിയെ നാട്ടുകാരായ പലരും പ്രോത്സാഹിപ്പിച്ചു. ചിലര്‍ നിരാശപ്പെടുത്തുകയും ചെയ്തു. ഈ പ്രായത്തില്‍ വായിച്ച് പഠിച്ചിട്ടെന്തു കാര്യം.? ആ സമയത്ത് നാല് വാഴവെച്ച് വെള്ളവും വളവും ഇട്ടാല്‍ നല്ല വിളവ് കിട്ടില്ലേ? ഇത് കേള്‍ക്കുമ്പോള്‍ കുഞ്ഞുണ്ണി മാഷുടെ കുഞ്ഞു കവിത സതി ചൊല്ലിക്കൊടുക്കും.
‘വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും’
ഇത് കേട്ടാല്‍ വായനയെ നിരുത്സാഹപ്പെടുത്തിയവര്‍ മിണ്ടാതെ പോകും.
കാലം കഴിഞ്ഞപ്പോള്‍ ആടുകള്‍ പെറ്റുപെരുകി. വീട്ടില്‍ കെട്ടിയിട്ട് വളര്‍ത്താന്‍ പറ്റാത്ത അവസ്ഥ വന്നു. വീടിന് തൊട്ടടുത്ത് കാടുപിടിച്ച കുന്നുകളുണ്ട്. രാവിലത്തെ വീട്ടു പണികളൊക്കെ പൂര്‍ത്തിയാക്കിയ സതി ആടുകളെ മേയ്ക്കാന്‍ കുന്നിന്‍പുറത്തേക്ക് പോകും. തോളില്‍ തൂക്കിയ സഞ്ചിയില്‍ രണ്ട് പുസ്തകങ്ങളുണ്ടാകും. കുടിക്കാനുള്ള വെള്ളവും കരുതും. കൂട്ടിന് രണ്ട് വളര്‍ത്തുനായകളുമുണ്ട്. കുന്നിന്‍ ചെരുവില്‍. ആടുകള്‍ മേഞ്ഞുനടക്കുമ്പോള്‍ സതി ഏതെങ്കിലും മരത്തണലിലിരുന്ന് വായനയില്‍ മുഴുകും. ആടുകളെ നായകള്‍ സദാസമയവും ശ്രദ്ധിക്കും. കൂട്ടം തെറ്റി പോകാന്‍ പോലും നായകള്‍ അനുവദിക്കില്ല.
അര്‍ദ്ധ സാക്ഷരയായ സതീദേവിയുടെ വായന വളര്‍ച്ച പലരുടെയും ശ്രദ്ധയില്‍ പെട്ടു.
പ്രമുഖ എഴുത്തുകാരന്‍ യു.കെ. കുമാരന്‍ ആടുവളര്‍ത്തിയ വായനക്കാരി എന്നൊരു കഥ തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി. അത് വായിച്ചറിഞ്ഞ പലരും സതിയെ തേടിയെത്തി. കരിവെള്ളൂര്‍ പാലക്കുന്ന് പാഠശാലയില്‍ ഒരു പരിപാടിക്കെത്തിയ സതിയെ നേരിട്ടു കാണാനിടയായി. അറുപത്തഞ്ചിലെത്തിയ സതിയുടെ അനുഭവപ്പറച്ചില്‍ മനോഹരമായിരുന്നു. കൊടക്കാട് നാരായണന്‍ മാഷിനെ ബന്ധപ്പെട്ട് അവരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. നേരിട്ടു വിളിച്ചു അവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു. ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന കാരവല്‍ പത്രത്തിലെ സ്ത്രീപക്ഷം കോളത്തില്‍ സതിയെ കുറിച്ചുള്ള വാര്‍ത്തയും ഫോട്ടോയും വിശദമായി വന്നു പ്രസ്തുത ലേഖനം കണ്ണൂര്‍ ആകാശവാണിക്കാരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ നേരിട്ടു വന്നു ഇന്റര്‍വ്യൂ ചെയ്ത് ജാലകം പരിപാടിയില്‍ പ്രക്ഷേപണം. ഇത് കേട്ടറിഞ്ഞ് വിവിധ ചാനലുകാരും, ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രക്കാരും സതീദേവിയെ അന്വേഷിച്ചെത്തി. കുറഞ്ഞ കാലം കൊണ്ട് കേരളക്കര മുഴുവന്‍ സതീദേവി എന്ന വായനക്കാരി പ്രസിദ്ധയായി.
അമ്പതാമത്തെ വയസ്സിലാണ് സതി വായന തുടങ്ങിയത്. ഇക്കാലമെത്തുമ്പോഴേക്ക് ആയിരത്തഞ്ഞൂറോളം പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞു. ഇവയില്‍ അറുനൂറ് പുസ്തകങ്ങളുടെ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലെ അറിയപ്പെടുന്ന മിക്ക എഴുത്തുകാരുമായി സതി ബന്ധപ്പെട്ടു കഴിഞ്ഞു. അത്തരക്കാരില്‍ നിന്ന് സമ്മാനമായി ലഭിച്ച ഇരുനൂറോളം പുസ്തകങ്ങള്‍ സതി നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പക്ഷേ സ്വന്തമായി വീടെന്ന സ്വപ്നം ഇതേവരെ പൂവണിഞ്ഞില്ല. ഷീറ്റ് കൊണ്ട് മറച്ച കുടിലിലാണ് ഇന്നും സതിയും കുടുംബവും കഴിഞ്ഞു വരുന്നത്.
പട്ടിണിയും കഷ്ടപ്പാടും മാറ്റാനുള്ള അറിവ് വായനയിലൂടെ കിട്ടുമെന്ന് പ്രഖ്യാപിച്ച പോളോ ഫ്രിയുടെ വാക്കുകള്‍ വിശ്വസിച്ചു സതി മുന്നേറുകയാണ്. ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ ആടുവളര്‍ത്തിയ വായനക്കാരി മറ്റുള്ളവരോട് വായിച്ചു വളരാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ജീവിതം തുടരുന്നു.
ലോക പുസ്തക ദിനത്തില്‍ വായിച്ചു കൊണ്ടിരിക്കുന്നത് കെ.ആര്‍. ഗൗരിയമ്മയുടെ ആത്മകഥയാണ്. പുസ്തക വായന ഹരമായി മാറ്റിയ സതീദേവിയെ നമുക്ക് മാതൃകയാക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന കഫ്ടീരിയ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; നിക്ഷേപമായി വാങ്ങിയ ആറുലക്ഷം തട്ടി, വടക്കുമ്പാട്ടെ യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്

You cannot copy content of this page