തിരുവനന്തപുരം: റീല്‍സ് ചിത്രീകരണത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വ്‌ലോഗര്‍ മുകേഷ് നായര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് കേസെടുത്തത്.
കോവളത്തെ റിസോര്‍ട്ടില്‍ ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ റീല്‍സ് ചിത്രീകരണം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ധനഗ്ന ഫോട്ടോയെടുത്തു സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നാണ് പരാതി. ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും കുട്ടിക്ക് മാനസിക പ്രശ്‌നം ഉണ്ടായതായും പരാതിയില്‍ പറഞ്ഞു. കേസെടുത്തതോടെ മുകേഷ് നായര്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിതായി പൊലീസ് പറഞ്ഞു.
