കൂടുതല്‍ കടുത്ത നടപടിയിലേക്ക്; ഇന്ത്യയിയിലുള്ള പാക് പൗരന്‍മാര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം, പാക്കിസ്ഥാന്‍ പൗരന്മാരുടെ വിസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് ഇന്ത്യ. ഇന്ത്യയിയിലുള്ള പാക് പൗരന്‍മാര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും. പാക്കിസ്ഥാനിലേക്ക് ഉള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവില്‍ പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങി എത്തണമെന്നും നിര്‍ദേശമുണ്ട്. മെഡിക്കല്‍ വിസയില്‍ ഉള്ള പാക് പൗരന്‍മാരുടെ വിസ കലാവധി ഏപ്രില്‍ 29 ന് അവസാനിക്കും. ഇന്ത്യയിലെ പാക്ക് എംബസിയിലെ രണ്ടുജീവനക്കാരെ പുറത്താക്കി.
അതേസമയം ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്ഥാനും രംഗത്തെത്തി. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖല അടയ്ക്കാനും സിംല അടക്കമുള്ള കരാറുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിര്‍ത്തി അടയ്ക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മറുപടി നല്‍കിയത്. ഇന്നലെ ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തിരുന്നു.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയോഗം ആവശ്യപ്പെട്ടു. വൈകിട്ടത്തെ സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് നാളെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് മെഴുകുതിരി മാര്‍ച്ച് നടത്തും. ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും പങ്കെടുക്കും. ഗൗരവതരമായ ഈ സാഹചര്യത്തില്‍ യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കേണ്ടത് അത്യാവശ്യമെന്നും വ്യക്തമാക്കി. പവര്‍ത്തക സമിതി യോഗം പഹല്‍ഗാം ആക്രമണത്തില്‍ പ്രമേയം പാസാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page