ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം വിലയിരുത്താൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും. വൈകിട്ട് 6ന് നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ സർവകക്ഷി യോഗത്തിൽ വിശദീകരിക്കും.
നേരത്തേ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് ഉൾപ്പെടെ പാർട്ടികൾ സർവകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയായിരുന്നു.
വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗവും ഇന്ന് ചേരും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സന്ദർശനം വെട്ടിച്ചുരുക്കിയ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്.
അതിനിടെ പാക്കിസ്താൻ ബന്ധം ഭീകരാക്രമണത്തിനു പിന്നിലുണ്ടെന്ന് വിലയിരുത്തിയ മന്ത്രിസഭയോഗം 5 സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഇതുപ്രകാരം ഭീകരപ്രവർത്തനം അവസാനിപ്പിക്കുംവരെ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന സിന്ധുനദീജലകരാർ മരവിപ്പിച്ചു. സാർക് വീസയിളവ് അനുസരിച്ച് ഇന്ത്യയിൽ സഞ്ചരിക്കാൻ പാക്കിസ്താൻ പൗരന്മാരെ അനുവദിക്കില്ല. മുൻപ് അനുവദിച്ച വീസകളും റദ്ദാക്കും. ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനകം രാജ്യം വിടണം. പാക്ക് പൗരന്മാർക്ക് ഇനി എസ് വിഇഎസ് വീസ അനുവദിക്കില്ല. അമൃത്സറിലെ വാഗ-അട്ടാരി അതിർത്തി അടച്ചിടും. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷനിലെ പാകിസ്താന്റെ പ്രതിരോധ അറ്റാഷെമാരെ പുറത്താക്കി. ഇവർ 48 മണിക്കൂറിനകം രാജ്യം വിടണം. പാകിസ്താനിലെ പ്രതിരോധ അറ്റാഷെമാരെ ഇന്ത്യ പിൻവലിക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാട് രാജ്യാന്തര വേദികളിൽ ചർച്ചയാക്കാനും നടപടികൾ കൈക്കൊള്ളും.
