ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മൂന്നാമത്തെ നടൻ ആര് ? ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്സൈസ് വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സെെസ് സംഘം വീണ്ടും ചോദ്യംചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. കഞ്ചാവ് കേസിൽ ആലപ്പുഴക്കാരൻ അല്ലാത്ത മറ്റൊരു സിനിമ നടൻ കൂടി എക്സൈസിന്റെ നിരീക്ഷണത്തിൽ ഉണ്ട്.
കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവിടെ പൊലീസിനു മുന്നിൽ ഹാജരായ ഷൈൻ, ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്നു പറഞ്ഞതായാണ് എക്സൈസിനു ലഭിച്ച വിവരം. ഇതിന്റെ നിജസ്ഥിതി ചോദിച്ചറിയാനാണ് ഷൈനിനെ ആലപ്പുഴയിലേക്കു വിളിപ്പിച്ചിരിക്കുന്നത്. ഷൈൻ പരാമർശിച്ച ആ നടൻ എക്സൈസ് നിരീക്ഷണത്തിലാണ്. മൊഴിയിൽ സത്യമുണ്ടെന്നു വ്യക്തമായാൽ നടനെയും വിളിപ്പിച്ച് ചോദ്യം ചെയ്യും.
ഓമനപ്പുഴയിലെ റിസോർട്ടിൽനിന്ന് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുൽത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്നു സമ്മതിച്ചിരുന്നു. ഇവരുമായുള്ള ഫോൺവിളികളും ചാറ്റുകളും കണ്ടെത്തുകയും ചെയ്തു. ശ്രീനാഥ് ഭാസിയുമായാണ് തസ്ലിമ കൂടുതൽ ബന്ധപ്പെട്ടത്.
ആറുകിലോ ഹൈബ്രിഡ് കഞ്ചാവാണ് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്നത്. അതിൽ മൂന്നുകിലോയാണ് ആലപ്പുഴയിൽനിന്നു പിടിച്ചത്. ബാക്കി മൂന്നുകിലോ എവിടെയെന്നതു വ്യക്തമല്ല. എക്സൈസ് കസ്റ്റഡിയിലുള്ള പ്രതികളെ വ്യാഴാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കും. ആലപ്പുഴയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിനുമുൻപ് തസ്ലിമയും ഭർത്താവ് അക്ബർ അലിയും സഹായി കെ. ഫിറോസും കൊച്ചിയിൽ താമസിച്ച സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എക്സൈസ് ഇവരുമായി തെളിവെടുത്തു. മൂന്നു ലോഡ്ജുകളിലാണ് ഇവർ താമസിച്ചിരുന്നത്. പ്രതികൾ റിമാൻഡിലായിരുന്ന സമയത്തുതന്നെ എക്സൈസ് സംഘം ഈ ലോഡ്ജുകളിലെത്തി ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. കൂടുതൽ തെളിവു ശേഖരിക്കാനായാണ് ബുധനാഴ്ച അവിടെയെത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page