ചെന്നൈ: പച്ച മുട്ട ചേര്‍ത്തുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഒരു വര്‍ഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അതുപോലെ പച്ച മുട്ടകളില്‍ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന മയോണൈസില്‍ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആര്‍ ലാല്‍വെന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സാല്‍മൊണെല്ല ടൈഫിമുറിയം, സാല്‍മൊണെല്ല എന്ററിറ്റിഡിസ്, എസ്‌ഷെറിഷ്യ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് തുടങ്ങിയ സാല്‍മൊണല്ല ബാക്ടീരിയകളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
നിരവധിയിടങ്ങളില്‍ മയോണൈസ് തയാറാക്കാന്‍ അസംസ്‌കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പ്രത്യേക സാഹചര്യങ്ങളില്‍, ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍, കൂടുതല്‍ സമഗ്രമായ അപകടസാധ്യത വിലയിരുത്തലിനായി ശാസ്ത്രീയ വിവരങ്ങള്‍ ലഭിക്കുന്നതുവരെ ആരോഗ്യ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 2022 ല്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചെറുവത്തൂര്‍ സ്വദേശിനിയായ 16 കാരി ദാരുണമായി മരിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ മയോണൈസ് നിരോധനം പ്രാബല്യത്തില്‍ വന്നിരുന്നു. കൂടാതെ, ഒരേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 58 പേരെങ്കിലും ആ സമയത്ത് രോഗബാധിതരായിരുന്നു. 2024 ല്‍ തെലുങ്കാനയിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഷവര്‍മയ്ക്കും മറ്റ് ഫാസ്റ്റ് ഫുഡുകള്‍ക്കും അനുബന്ധമായി മയോണൈസിന് പ്രചാരം വര്‍ദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച് തമിഴ്നാട്ടിലെ നഗരങ്ങളില്‍, ചെറുകിട ഭക്ഷണശാലകളും തെരുവ് കച്ചവടക്കാരും പലപ്പോഴും ക്രീം ഘടനയ്ക്കായി അസംസ്‌കൃത മുട്ട അടിസ്ഥാനമാക്കിയുള്ള മയോണൈസിനെ ആശ്രയിച്ചുവരുന്നുണ്ട്.
