ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ പറയുന്നു. പെട്ടെന്ന് ഒരാൾ ഞങ്ങൾക്ക് നേരെയെത്തി വെടിയുതിർത്തു. രക്തം തൻ്റെ ദേഹത്തേക്ക് തെറിച്ചപ്പോഴാണ് ഭർത്താവിന് വെടിയേറ്റത് മനസ്സിലായതെന്നും ദൃക്സാക്ഷിയും ആക്രമണം നേരിട്ടയാളുടെ ഭാര്യയുമായ യുവതി വെളിപ്പെടുത്തി. ഭർത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കരയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പഹൽഗാമിൽ വിനോദസഞ്ചാരികളുടെ ഒരു കൂട്ടത്തിന് നേരെയായിരുന്നു തോക്കുധാരികളെത്തി വെടിയുതിർത്തത്, ലക്ഷ്യം വച്ചവരിൽ തൻ്റെ ഭർത്താവും ഉണ്ടായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.പഹല്‍ഗാമിലെ ബെയ്സരണിൽ ട്രെക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഹായത്തിനായി യാചിക്കുകയും കരയുകയും ചെയ്യുന്നവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
