ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്നാണ് ഇയാള്‍ ആക്രമണം നിയന്ത്രിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായെന്നാണ് വിവരം. ഇതില്‍ രണ്ടുപേര്‍ പാകിസ്ഥാനില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവര്‍ ആണ്. രണ്ട് സംഘമായി തിരിഞ്ഞ് എകെ 47 ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പഹല്‍ഗാം, അനന്ദ നാഗ്, ബൈസരണ്‍ മേഖലകളില്‍ ആണ് പരിശോധന. സൈന്യവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉറിയില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. അതിനിടെ പുലര്‍ച്ചെ
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നിയന്ത്രണ രേഖയ്ക്ക് അടുത്ത ഗ്രാമങ്ങളില്‍ നിന്ന് ഒഴിയാന്‍ പാക് പൗരന്മാരോട് പാകിസ്ഥാന്‍ നിര്‍ദേശം നല്‍കി.

പഹല്‍ഗാം ഭീകരാക്രമണം എന്‍ഐഎ സംഘമാണ് അന്വേഷിക്കുന്നത്. ശ്രീനഗറില്‍ എത്തിയ ഇവര്‍ ഉടന്‍ തന്നെ പഹല്‍ഗാമിലെത്തും. ഭീകരാക്രമണം ഉണ്ടായ മേഖലയില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
അതിനിടെ, പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അജിത് ഡോവല്‍, എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തു.