ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്താനു പങ്കുണ്ടെന്ന ശക്തമായ സൂചനകൾ ലഭിച്ചതോടെ നയതന്ത്രബന്ധം വിഛേദിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്താൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കും.
ഇസ്ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടുമെന്നും സൂചനയുണ്ട്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കും. ഒപ്പം ഇന്ത്യയിലെത്താൻ പാക് പൗരന്മാർക്കു വീസ അനുവദിക്കുന്നത് നിർത്തിവയ്ക്കും. ഇന്ത്യക്കാരുടെ പാക്കിസ്താൻ സന്ദർശനത്തിനും വിലക്ക് വന്നേക്കും. അതിർത്തിയിൽ ഇരുരാജ്യങ്ങളിലേക്കും സഞ്ചാരത്തിനായി തുറന്ന കർത്താർപുർ ഇടനാഴി അടയ്ക്കുന്നതും പ്രതിരോധമന്ത്രാലയം പരിഗണിക്കുന്നുണ്ട്. പാക്കിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അനിശ്ചിത കാലത്തേക്കു നിർത്തിവയ്ക്കാനും ആലോചിക്കുന്നു. ഇരുരാജ്യങ്ങളുമായി നിലനിൽക്കുന്ന സിന്ധു നദീതട കരാർ റദ്ദാക്കിയേക്കും. പാക്കിസ്താനിലെ കർഷകർക്കു ഏറെ ഗുണകരമായ കരാറിൽ നിന്നു പിന്മാറണമെന്ന് മുൻ നയതന്ത്ര ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച നിർണായക തീരുമാനമുണ്ടാകും.
ആക്രമണത്തിൽ പാക്കിസ്താന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകൾ ഐക്യരാഷ്ട്ര സഭയ്ക്കു കൈമാറും. ആഗോള തലത്തിൽ പാക്കിസ്താനെ ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്.
എന്നാൽ ഭീകരാക്രമണത്തിൽ പങ്കില്ലെന്നും എല്ലാ ഭീകരതയെയും എതിർക്കുമെന്നുമാണ് പാക്കിസ്താന്റെ വിശദീകരണം.
ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിക്കും. സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കും.
അതിനിടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്ര നിരക്ക് കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നടപടിക്കെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തി. നിരക്ക് സാധാരണ നിലയിൽ നിലനിർത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നിർദേശം നൽകി. 5000 രൂപയിൽ നിന്നു 65,000 രൂപയായി വിമാന ടിക്കറ്റ് നിരക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
