ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾക്കു സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടിതിയിൽ പൊതുതാത്പര്യഹർജി. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്. ആക്രമണ സാധ്യതയുള്ള മേഖലയായിരുന്നിട്ടും ഭീകരാക്രമണം നടന്ന പഹൽഗ്രാമിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരവിരുദ്ധ വിഭാഗം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ രാജ്യത്ത് പാലിക്കപ്പെടുന്നില്ല. വിനോദസഞ്ചാരികൾ ആക്രമിക്കപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കും. അതിനാൽ ഒറ്റപ്പെട്ട കുന്നും മലകളുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സായുധ സംഘത്തെ നിയോഗിക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ വൈദ്യ സഹായം ഉറപ്പാക്കാൻ നടപടി വേണം.
ജൂലൈയിൽ ആരംഭിക്കുന്ന ജമ്മുകശ്മീരിലെ അമർനാഥ് യാത്രയ്ക്കു കർശന സുരക്ഷ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താൻ കഴിയുന്ന മേഖലയിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതിരുന്നതും അടിയന്തര വൈദ്യ സഹായം എത്തിക്കാൻ കഴിയാത്ത മേഖലയായതും ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ ഇടയാക്കിയിരുന്നു.
