കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആനവാതുക്കലില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ ബേംടിയ, ബര്‍ഗാരിയ സ്വദേശി സഞ്ജയ് റോയ് (30)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. നളിനാക്ഷനും സംഘവും പിടികൂടിയത്. കൊല്ലപ്പെട്ട സുശാന്ത റോയിയുടെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ പ്രതി. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ഇവരടക്കമുള്ള പന്ത്രണ്ടംഗ സംഘം നാലുമാസം മുമ്പാണ് കാസര്‍കോട്ട് എത്തിയത്. ആനവാതുക്കലില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിനു സമീപത്തെ ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വൈകി മദ്യലഹരിയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ ഏതോ വസ്തു ഉപയോഗിച്ച് സുശാന്ത റോയിയുടെ തലയുടെ പിന്‍ഭാഗത്ത് അടിച്ചതാണ് മരണകാരണമായതെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. സുശാന്ത റോയ് മരിച്ചതോടെ സഞ്ജയ് റോയ് അടക്കമുള്ളവര്‍ കാസര്‍കോടു നിന്നു രക്ഷപ്പെട്ടുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഒറ്റപ്പാലത്ത് വച്ച് പിടികൂടിയിരുന്നു. ഇവരടക്കം 14 പേരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് സഞ്ജയ് റോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
