പയ്യന്നൂര്‍: പയ്യന്നൂരിലെ മുതിര്‍ന്ന സി.പിഎം നേതാവ് കെ രാഘവന്‍ എന്ന കെആര്‍ അന്തരിച്ചു. 78 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചക്ക് സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലും വൈകിട്ട് നാലിന് കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനം. വ്യാഴാഴ്ച രാവിലെ 9 ന് വീട്ടിലെത്തിക്കുന്ന മൃതദേഹം 10 മണിക്ക് സംസ്‌കരിക്കും. 1969 ല്‍ പയ്യന്നൂരില്‍ ദിനേശ് ബീഡി കമ്പനി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കെആര്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുന്നത്. ദിനേശ് ബീഡി ഫാക്ടറി കമ്മിറ്റി സെക്രട്ടറി ആയിട്ടായിരുന്നു തുടക്കം. 16ാം വയസില്‍ 15 ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. സ്റ്റാറ്റിയൂറ്ററി റേഷന്‍ എന്ന ആവശ്യവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ ട്രഷറി ഓഫീസ് പിക്കറ്റിങ്ങിനിടെ അറസ്റ്റിലായ ശേഷമായിരുന്നു ജയില്‍വാസം. ഇതിന് ശേഷം 1968 ലാണ് പാര്‍ട്ടി അംഗം ആകുന്നത്. കണ്ടങ്കാളി ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂര്‍ മുന്‍സിപ്പല്‍ ലോക്കല്‍ മെമ്പര്‍, ലോക്കല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. കൃഷിയെ ഏറെ സ്‌നേഹിച്ച രാഷ്ട്രീയ നേതാവായിരുന്നു. നെല്ല്, ഉഴുന്ന്, പയര്‍, തുവര തുടങ്ങി വര്‍ഷാവര്‍ഷം വയലില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഭാര്യ: പരേതയായ കാര്‍ത്യായനി(കുന്നരു). മക്കള്‍: സുനില, സുനില്‍കുമാര്‍(റൂറല്‍ ബേങ്ക് മാനേജര്‍), സുധീര്‍ (ചുമട്ട് തൊഴിലാളി), സുരേഷ് (വര്‍ക്ക്‌ഷോപ്പ്).
