കൊല്ലം : കൊല്ലത്തു നിന്നും നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോയ 4 വയസ്സുകാരിയെ പന്തളത്തു നിന്നു കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയെന്ന് സംശയിക്കുന്ന ദേവിയെ(35) പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനസിക പ്രശ്നങ്ങളുള്ള അമ്മയോടൊപ്പം തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ബീച്ചിലെത്തിയ കുട്ടിയെ ഇവർ തട്ടിയെടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പന്തളത്തു നിന്ന്
കുട്ടിയുമായി ഇവർ കെഎസ്ആർടിസി ബസിൽ കയറി. തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോകുകയായിരുന്ന ബസായിരുന്നു ഇത്. തൃശൂരിലേക്കു പോകണമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇവരുടെ പക്കൽ പണമുണ്ടായിരുന്നില്ല. ഇവർ തമിഴിലും കുട്ടി മലയാളത്തിലും സംസാരിച്ചതോടെ കണ്ടക്ടർ അനീഷിനു സംശയം തോന്നി. ഇതോടെ ഇവരെ പന്തളം പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കൊല്ലം ബീച്ചിൽ നിന്നു കാണാതായ കുട്ടിയാണ് സ്ത്രീക്കൊപ്പമുള്ളതെന്ന് കണ്ടെത്തി. വേറെയും കുട്ടികളെ കടത്തിയിട്ടുണ്ടോയെന്ന് ഉൾപ്പെടെ കണ്ടെത്താൻ സ്ത്രീയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
