ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുന്നത്. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികരും കശ്മീരി പൊലീസും ഏറ്റുമുട്ടൽ നടക്കുന്ന തങ്മാർഗിലെ വനമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അബർബൽ വെള്ളച്ചാട്ടം ഇവിടെയാണുള്ളത്. സംശയാസ്പദമായ രീതിയിൽ ചിലരെ കണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികർ ഇവിടെ എത്തിയത്. തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർത്തു. സൈനികരും തിരിച്ചടിച്ചു. ആർക്കും പരുക്കേറ്റതായി സൂചനയില്ല. മേഖല സൈന്യം വളഞ്ഞിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഉറിയിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടിയിരുന്നു. ഇന്ന് പുലർച്ചെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചിരുന്നു.
