ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ തെലുങ്ക് നടൻ മഹേഷ് ബാബുവിനു ഇഡി നോട്ടിസ് നൽകി. ഏപ്രിൽ 28ന് എത്തണമെന്നാണ് നിർദേശം.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനികളായ സായ് സൂര്യ ഡവലപ്പേഴ്സ്, സുരാന ഗ്രൂപ്പ് എന്നിവ നടത്തിയ സാമ്പത്തിക ക്രമക്കേടിൽ പങ്കാളിയാണെന്നാരോപിച്ചാണ് നടപടി. പരസ്യത്തിനും പ്രമോഷനുമായി കമ്പനികളിൽ നിന്ന് 5.9 കോടി രൂപ നടൻ കൈപ്പറ്റിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു നിക്ഷേപകരെ കബളിപ്പിച്ചു കമ്പനികൾ സമ്പാദിച്ചതാണോയെന്നു ഇഡി സംശയിക്കുന്നു.
ഒരേ ഭൂമി പലർക്കും വിൽക്കുക, തട്ടിപ്പ് പദ്ധതികൾ നടത്തി നിക്ഷേപകരെ കബളിപ്പിക്കുക, കൃത്യമായ രേഖകളില്ലാതെ പണം കൈപ്പറ്റുക ഉൾപ്പെടെ ഒട്ടേറെ പരാതികൾ സ്ഥാപനങ്ങൾ നേരിടുന്നുണ്ട്. ഇവയുടെയും അനുബന്ധ കമ്പനിയായ ഭാഗ്യനഗർ പ്രോപ്പർട്ടീസിന്റെയും ഓഫിസുകളിൽ ഇഡി നടത്തിയ പരിശോധനയിൽ 100 കോടി രൂപയുടെ അനധികൃത പണമിടപാടുകളും 74.5 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു.
