കൊൽക്കത്ത: പശ്ചിമബംഗാളിൽ റോഡിനരികിൽ ഉപേക്ഷിക്കപ്പെട്ട ട്രോളിബാഗിൽ അജ്ഞാത യുവതിയുടെ മൃതദേഹം. കൊൽക്കത്തയിലെ ബാഗുയ്ഹത്തിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയോടെയാണ് റോഡരികിൽ ട്രോളി ബാഗ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഇവിടെയെത്തിയ പത്ര വിൽപനക്കാരനാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ട്രോളി ബാഗ് തുറന്ന ഉദ്യോഗസ്ഥരാണ് യുവതിയുടെ മൃതദേഹം അതിനുള്ളിൽ കണ്ടെത്തിയത്. സൽവാർ കുർത്ത ധരിച്ച യുവതിയുടെ വാ ബ്രൗൺ നിറത്തിലുള്ള ടേപ്പ് ഉപയോഗിച്ചു ഒട്ടിച്ച നിലയിലായിരുന്നു.
യുവതിയെ കൊന്നശേഷം ബാഗിലാക്കി ഇവിടെ കൊണ്ടിട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സൂചനകൾക്കായി മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.
ഫെബ്രുവരിയിൽ നോർത്ത് കൊൽക്കത്തയിൽ ഭർതൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്കേസിലാക്കി ഗംഗാ നദിയിൽ തള്ളാനെത്തിയ അമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
