കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തമ്പടിച്ച് തെരുവ് നായ്ക്കള്‍. രാവും പകലും വ്യത്യാസമില്ലാതെയാണു തെരുവ് നായ്ക്കള്‍ സ്റ്റേഷന്‍ കയ്യടക്കിയിട്ടുള്ളത്. രണ്ടുപ്ലാറ്റ്‌ഫോമുകളിലും തെരുവ് നായ്ക്കൂട്ടത്തെ കാണാം. യാത്രക്കാര്‍ക്ക് കുരച്ച് ചാടുകയാണ് നായ്ക്കള്‍. ട്രെയിന്‍ വരുമ്പോള്‍ യാത്രക്കാരുടെ തിരക്കില്‍ അറിയാതെ നായ്ക്കളെ ചവിട്ടിപോകുന്ന സ്ഥിതിയുമുണ്ട്. ഒന്നാം പ്ലാറ്റ് ഫോമിലെ സീറ്റുകളിലാണ് നായകളുടെ കിടത്തം. 15 ലധികം നായകള്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും റോഡിലുമൊക്കെ നിരവധി തെരുവു നായ്ക്കളാണ് ഭീതി പരത്തി സൈ്വര വിഹാരം നടത്തുന്നത്. രാവിലെയുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ ഭീതിയോടെയാണ് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് വരുന്നത്. ഇരുചക്ര വാഹനങ്ങളിലെത്തുന്ന യാത്രക്കാരെയും നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്. സ്റ്റേഷനില്‍ രൂക്ഷമായ തെരുവ് നായ്ശല്യം സംബന്ധിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
