ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ എന്ത് ചെയ്യണം? നിസാരമായ തെറ്റാണെങ്കില്‍, മേലുദ്യോഗസ്ഥന്‍ അയാളെ വിളിച്ചുവരുത്തി ശാസിക്കണം. ഗുരുതരമായ തെറ്റാണെങ്കില്‍ തക്കതായ ശിക്ഷാ നടപടി കൈക്കൊള്ളണം. തെറ്റുകളുടെ ഗുരുലഘുത്വമനുസരിച്ച് താക്കീത്, സസ്പെന്‍ഷന്‍, ഡിസ്മിസ്സല്‍ ഇതാണ് ന്യായം. എന്നാല്‍ ഇതൊന്നും ബാധകമല്ലാത്ത ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്- നടപടി റദ്ദാക്കുക മാത്രം ചെയ്യും -ജുഡീഷ്യറി- നീതിന്യായ കോടതികള്‍. വിശേഷിച്ചും ക്രിമിനല്‍ കോടതികള്‍. കീഴ് കോടതിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കും. കാരണം വ്യക്തമാക്കിക്കൊണ്ട്. പരാതിക്കാരന്‍ (പരാതിക്കാരി) അപ്പീല്‍ ബോധിപ്പിക്കുകയാണെങ്കില്‍ ഇതാണ് ഉണ്ടാവുക. തെറ്റായ വിധി പ്രസ്താവിച്ച ന്യായാധിപന്‍ ആ കാരണം കൊണ്ടുതന്നെ ശിക്ഷാര്‍ഹനല്ലേ? ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല.
കാര്യം വ്യക്തമാകാന്‍ സഹായകമായ ഒരു ഉദാഹരണം പറയാം; ഉത്തര്‍പ്രദേശിലെ കാസിംഗഞ്ചില്‍ രണ്ട് യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ തടഞ്ഞുവെച്ച് മാറില്‍ പിടിക്കുകയും ധരിച്ചിട്ടുള്ള പൈജാമയുടെ ചരട് വലിച്ചു പൊട്ടിക്കുകയും അടുത്തുണ്ടായിരുന്ന കലുങ്കിലേക്ക് വലിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. യുവാക്കളുടെ ഉദ്ദേശം വ്യക്തം- ബലാത്സംഗം തന്നെ. പെണ്‍കുട്ടിയുടെ മുറവിളി കേട്ട് ആളുകള്‍ ഓടിക്കൂടി ആക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു യുവാക്കളെ പിടികൂടി. കേസ് നടപടികള്‍ തുടങ്ങിയപ്പോള്‍ അവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. അപ്പീല്‍ ഹര്‍ജി പരിഗണനയ്ക്കെടുത്ത ജഡ്ജ് ജസ്റ്റിസ് രാംമോഹന്‍ നാരായണന്‍ മിശ്ര യുവാക്കളെ വെറുതെ വിട്ടു. പെണ്‍കുട്ടിയുടെ മാറത്ത് പിടിക്കുന്നത്, പാവാടച്ചരട് വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചത്, കലുങ്കിനിടയിലേക്ക് വലിച്ചുകൊണ്ടുപോയത്-ഇതൊന്നും തന്നെ ബലാത്സംഗ ശ്രമം എന്ന ക്രിമിനല്‍ക്കുറ്റമല്ലത്രെ! (2025 മാര്‍ച്ച് 17 ലെ വാര്‍ത്ത).
ഒരു വനിതാ സംഘടന വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. പെണ്‍കുട്ടിയുടെ മാതാവും അപ്പീല്‍ ഫയല്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ മുതിര്‍ന്നു എന്ന കുറ്റം ചുമത്തി യുവാക്കള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് മിശ്ര നാലുമാസക്കാലം കേസ് പഠിച്ച ശേഷമാണത്രെ, വിധി പറഞ്ഞത്. ചെറുപ്പക്കാരുടെ പ്രവൃത്തി ബലാത്സംഗശ്രമം എന്ന് പറയാന്‍ പാടില്ലെന്ന്. സുപ്രീംകോടതി കടുത്ത ഭാഷയില്‍ ഈ വിചിത്രവിധിയെ വിമര്‍ശിച്ചു. സോളിസിറ്റര്‍ ജനറല്‍ അഡ്വ. തുഷാര്‍ മേത്ത, ജസ്റ്റിസ് മിശ്രയുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. എന്ത് നടപടി? കാത്തിരുന്ന് കാണാം. ജസ്റ്റിസ് മിശ്രയെ ഇംപീച്ച്മെന്റ് നടപടിക്ക് വിധേയമാക്കുമോ?
അലഹബാദ് ഹൈക്കോടതിയിലെ തന്നെ മറ്റൊരു ന്യായാധിപനും-ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗ്-വിചിത്രമായൊരു വിധിയുടെ പേരില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയനാക്കപ്പെട്ടു. കേസ് ഇങ്ങനെ: രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ബാറില്‍ പോയ ഒരു പെണ്‍കുട്ടിയുടെ പരാതി: താന്‍ ബാറില്‍ വച്ച് പീഡനത്തിനിരയായി എന്ന്. പുലര്‍ച്ചെ മൂന്നുമണിവരെ ബാറില്‍ ചെലവഴിച്ചു. അപ്പോഴാണ് ബലാത്സംഗത്തിനിരയായത് എന്ന് മൊഴികൊടുത്തപ്പോള്‍ ജഡ്ജിയുടെ കമന്റ്: സ്വയം വരുത്തിവെച്ച വിന. അതെങ്ങനെ പീഡനമാകും? കോളേജിലേക്ക് പോയവര്‍ ക്ലാസ്സ് കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങണം. ബാറിലേക്കല്ല പോകേണ്ടത്. അവിടെ പുലര്‍ച്ചെ മൂന്നുമണിവരെ ചെലവഴിക്കുക-അപ്പോഴല്ലേ യുവാക്കള്‍ കയ്യേറ്റം നടത്തിയത്? ദുരനുഭവം ഉണ്ടായെങ്കില്‍ അതിനുത്തരവാദി താന്‍ തന്നെയല്ലേ? കേസുകള്‍ പരിഗണിക്കുമ്പോള്‍ ജഡ്ജിമാര്‍ ജാഗ്രത കാണിക്കണം എന്ന് സുപ്രീംകോടതി-ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോസഫ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം നല്‍കവേ, അതിജീവിതയ്ക്ക് രാഖി കെട്ടിക്കൊടുക്കണം എന്ന നിബന്ധന വച്ചുപോലും മധ്യപ്രദേശിലെ ഒരു ഹൈക്കോടതി ജഡ്ജി. രാഖി കെട്ടിയാല്‍ അതിജീവിതയെ സഹോദരിയായി കാണും. ഭാവിയില്‍ ലൈംഗിക മോഹം ഉണ്ടാവുകയില്ല-ജഡ്ജിന്റെ വിശ്വാസം.
തന്റെ മാറത്ത് സ്പര്‍ശിച്ചു എന്നൊരു കേസ്-മുംബൈയിലെ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍. വസ്ത്രം ധരിച്ചിരുന്നില്ലേ എന്ന് കോടതി പെണ്‍കുട്ടിയോട് ചോദിച്ചു. ധരിച്ചിരുന്നു എന്ന് മറുപടി. ചര്‍മത്തില്‍ സ്പര്‍ശനമേറ്റിട്ടില്ലല്ലോ. അപ്പോള്‍ എങ്ങനെ പോക്സോ നിയമത്തിന്റെ പരിധിയില്‍ വരും. മുംബൈ ഹൈക്കോടതി പെണ്‍കുട്ടിയുടെ പരാതി തള്ളി കുറ്റാരോപിതനെ വെറുതെ വിട്ടു- നിയമപരമായ സാങ്കേതികത ചൂണ്ടിക്കാട്ടി നീതി നിഷേധിക്കരുത് എന്ന് സുപ്രീംകോടതി പറഞ്ഞു.
ഇങ്ങനെ എത്രയോ സംഭവങ്ങള്‍. എന്തുകൊണ്ട് ആവര്‍ത്തിക്കപ്പെടുന്നു? നീതിബോധം ന്യായാധിപന്മാര്‍ക്ക് നഷ്ടപ്പെട്ടോ? എന്ത് ചെയ്താലും വിധിച്ചാലും തങ്ങള്‍ക്ക് ഒന്നും വരാനില്ല- ശരിയല്ലേ? ‘ഇംപീച്ച്മെന്റ’് എന്നത് വെറും ഓലപ്പാമ്പ്. ജസ്റ്റിസ് വി രാമസ്വാമി, ‘ജസ്റ്റിസ്’ തന്നെ! സാര്‍വ്വകാലിക മാതൃക!
നീതിന്യായം പോകുന്ന വഴി?
