വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ കാലംചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.
തിങ്കളാഴ്ച വത്തിക്കാനിലെ കാസ സാന്താ മാര്‍ട്ടയിലുള്ള തന്റെ വസതിയില്‍ വെച്ചാണ് മാര്‍പ്പാപ്പ അന്തരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ബൈലാറ്ററല്‍ ന്യൂമോണിയയെ തുടര്‍ന്ന് അദ്ദേഹം അടുത്തിടെ 38 ദിവസത്തോളം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹം മരണത്തിന്റെ വക്കില്‍ എത്തിയിരുന്നതായി മെഡിക്കല്‍ ടീം വെളിപ്പെടുത്തി. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. രോഗ ബാധിതനായി ഏറെ നാളുകളായി ആശുപത്രിയിലായിരുന്ന മാര്‍പാപ്പ ഒരിടവേളക്ക് ശേഷമായിരുന്നു വിശ്വാസികളെ കണ്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 2013 മാര്‍ച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യത്തെ മാര്‍പാപ്പയുമാണ് അദ്ദേഹം. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ മാര്‍പാപ്പമാരിലൊരാളായിരുന്നു. മാര്‍പാപ്പയായ ശേഷവും അദ്ദേഹം ലാളിത്യം കൈവിട്ടിരുന്നില്ല. 1936 ഡിസംബര്‍ 17-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ റെയില്‍വേ തൊഴിലാളിയായ മരിയോ ജോസ് ബെര്‍ഗോളിയോയുടെയും സാധാരണക്കാരിയായ വീട്ടമ്മ മരിയ സിവോറിയയുടെയും അഞ്ചു മക്കളില്‍ ഒരാളായി ജനനം. ഇറ്റലിയില്‍നിന്നു കുടിയേറിയ ഒരു മധ്യവര്‍ഗ കുടുംബമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്.
ഉന്നതകുലജാതനായിട്ടും സമ്പത്തിന്റെ മടിത്തട്ടില്‍ അഭിരമിച്ചിട്ടും ദാരിദ്ര്യം വ്രതമായെടുത്ത മഹാനായിരുന്നു. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.
ജീവിതത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
