ബെംഗളൂരു: വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിലേക്കു ടെമ്പോ ട്രാവലർ ഇടിച്ചു കയറി. ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
വിമാനക്കമ്പനിയായ ആകാശ് എയറിന്റെ ജീവനക്കാരെ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന വാഹനമാണ് വിമാനത്തിൽ ഇടിച്ചത്. എൻജിൻ തകരാറിനെ തുടർന്ന് അറ്റക്കുറ്റപ്പണിക്കായി പാർക്ക് ചെയ്തിരുന്ന വിമാനമായിരുന്നു ഇത്. ജീവനക്കാരെ ഇറക്കിയതിനു ശേഷം മടങ്ങുന്നതിനിടെയാണ് വാഹനം വിമാനത്തിൽ ഇടിച്ചത്. ടെമ്പോ ട്രാവലറിന്റെ മുകൾഭാഗത്തിനും ഡ്രൈവറുടെ ക്യാബിനും കേടുപാടുണ്ടായി. വിൻഡ് സ്ക്രീനും തകർന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നും അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
