ലഖ്നൗ: യുവാവിന്റെ വിവാഹമുറപ്പിച്ചത് 21-കാരിയുമായി. എന്നാൽ വിവാഹ ചടങ്ങിനെത്തിയപ്പോൾ വധുവിന്റെ വേഷത്തിലെത്തിയതാകട്ടെ 21-കാരിയുടെ വിധവയായ മാതാവും. ഉത്തർ പ്രദേശിലെ ശാമലിയിലാണ് സംഭവം നടന്നത്. 22-കാരനായ മൊഹമ്മദ് അസീം എന്ന യുവാവിനാണ് ഈ ദുരനുഭവം. മീററ്റിലെ ബ്രഹ്മപുരി സ്വദേശിയാണ് അസീം. തന്റെ ജ്യേഷ്ഠൻ നദീമും അദ്ദേഹത്തിന്റെ ഭാര്യ ഷൈദയും ചേർന്നാണ് മൻതാഷ എന്ന 21-കാരിയുമായി വിവാഹം ഉറപ്പിച്ചതെന്ന് അസീം പറയുന്നു. മാർച്ച് 31-നായിരുന്നു നിശ്ചയ ചടങ്ങ് നടന്നത്. ഷൈദയുടെ അനന്തരവളായിരുന്നു ഫസൽപുർ സ്വദേശിയായ മൻതാഷ. നിക്കാഹ് ചടങ്ങ് ആരംഭിച്ചപ്പോൾ വധുവിന്റെ പേര് താഹിറ എന്ന് മൗലവി പറഞ്ഞതോടെയാണ് അസീമിന് എന്തോ പന്തികേട് തോന്നിയത്. ഇതോടെ വധുവിന്റെ മുഖാവരണം അസീം നീക്കി. അപ്പോഴാണ് വധുവിന്റെ സ്ഥാനത്ത് മൻതാഷയുടെ മാതാവിനെ കണ്ടത്.പ്രതിശ്രുത വധുവിന്റെ സ്ഥാനത്ത് അവരുടെ മാതാവായ 45-കാരിയെ വിവാഹവേഷത്തിൽ കണ്ട് വരൻ ഒന്ന് ഞെട്ടുകയായിരുന്നു. വിവാഹവുമായി മുന്നോട്ടുപോകാനോ വധുവിനെ ഒപ്പം കൊണ്ടുപോകാനോ തയ്യാറായല്ലെന്ന് പറഞ്ഞതോടെ വ്യാജ ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് നദീമും ഷൈദയും ഭീഷണിപ്പെടുത്തിയെന്ന് അസീം പൊലീസിനോട് പറഞ്ഞു. താൻ പറ്റിക്കപ്പെട്ടതായി മനസ്സിലായതോടെ അസീം വീട്ടിലേക്ക് മടങ്ങുകയും മീററ്റിലെ എസ്എസ്പി ഓഫീസിലെത്തി വ്യാഴാഴ്ച പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും മീററ്റ് എസ്എസ്പി ഡോ. വിപിൻ താട പറഞ്ഞു.
