ഗുവാഹട്ടി: കുടുംബ വഴക്കിനെ തുടർന്ന് 60 വയസ്സുകാരൻ ഭാര്യയെ തലയറുത്ത് കൊന്നു. ശേഷം തലയുമായി സൈക്കിളിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അസമിലെ ചിരാങ് ജില്ലയിലാണ് സംഭവം. ബിതിഷ് ഹജോങ് എന്നയാളാണ് ഭാര്യ ബജന്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി ബിതിഷ് ജോലി കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ മൂർച്ചയേറിയ ആയുധം കൊണ്ട് ബിതിഷ് ഭാര്യയുടെ തല അറുത്തെടുത്തു. ശേഷം രക്തം വാർന്നൊലിക്കുന്ന തല സൈക്കിളിലെ കുട്ടയിലിട്ടു. ഇതുമായി നേരെ ബലംഗുരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ദിവസ വേതന തൊഴിലാളിയാണ് ബിതിഷ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ ചോദ്യം ചെയ്ത് വരികയാണ്.
ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് അയൽക്കാർ പൊലീസിനോടു വ്യക്തമാക്കി. ചെറിയ പ്രശ്നങ്ങൾക്കു പോലും ഇരുവരും വഴക്കടിച്ചിരുന്നതായും ഇവർ വ്യക്തമാക്കുന്നു.
