കൊച്ചി: സിറ്റി പൊലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാന്‍ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തന്റെ വളര്‍ച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൂഗിള്‍ പേ ഇടപാടുകളും നടത്തിയ ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്. ഷൈന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോണ്‍ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകള്‍ക്ക് മറ്റ് ഫോണ്‍ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോണ്‍ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്. എല്ലാ ഫോണുകളും കൊണ്ടുവരാത്തത് എന്താണെന്ന ചോദ്യത്തിന് മറന്നുപോയെന്നുമാണ് മറുപടി.
ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ച സ്ത്രീകളടക്കമുള്ളവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ കടന്നു പോവുകയായിരുന്നു. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പൊലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചോദ്യംചെയ്യലിന് ഹാജരായ നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഉടന്‍ തന്നെ പൊലീസ് ഷൈനെ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്നാണ് സൂചന. 2015 ലെ കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ അടുത്തയിടെ തെളിവില്ലെന്നു കണ്ട് കോടതി വെറുതേ വിട്ടിരുന്നു.
