-പി പി ചെറിയാന്‍
ഫ്ലോറിഡ: വ്യാഴാഴ്ച ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. എഫ് എസ് യു പൊലീസ് മേധാവി ജേസണ്‍ ട്രംബോവറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചവര്‍ വിദ്യാര്‍ത്ഥികളല്ല. മറ്റ് അഞ്ച് പേരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. വെടിവച്ചയാളെന്നു സംശയിക്കുന്നയാളും ആശുപത്രിയില്‍ ചികിത്സയിലാണെന്നു ട്രംബോവര്‍ പറഞ്ഞു.
ആറ് പേര്‍ക്കും വെടിയേറ്റതായി തല്ലാഹസി സ്മാരക ഹെല്‍ത്ത്കെയര്‍ വക്താവ് പറഞ്ഞു. രോഗികളില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്,വെടിവെച്ചുവെന്നു സംശയിക്കപ്പെടുന്നയാള്‍ കസ്റ്റഡിയിലാണ്.
യൂണിവേഴ്സിറ്റിയുടെ അടിയന്തര അറിയിപ്പ് സംവിധാനമായ എഫ് എസ് യു അലേര്‍ട്ട്, വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സ്റ്റുഡന്റ് യൂണിയന് സമീപം ഒരു തോക്കുധാരി ഉണ്ടെന്ന് കാമ്പസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.