മുംബൈ: അസാധാരണമായ മുടി കൊഴിച്ചിലിനു പിന്നാലെ നഖങ്ങൾ കൊഴിയുന്നതു മഹാരാഷ്ട്രയിൽ ഗ്രാമീണ ജനങ്ങളെ ആശങ്കപ്പെടുത്തുന്നു.
അസാധാരണമായി മുടി കൊഴിയുന്നെന്ന പരാതിയുമായി ഇരുന്നൂറിലേറെ പേർ രംഗത്തെത്തിയതോടെയാണ് ഷിഗ്ഗാവിലെ 4 ഗ്രാമങ്ങൾ വാർത്തകളിൽ ഇടംപിടിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം
30 ഗ്രാമീണർ നഖങ്ങൾ കൊഴിഞ്ഞു പോകുന്നെന്ന പരാതിയുമായി ചികിത്സ തേടിയെത്തി. നേരത്തേ മുടി കൊഴിച്ചിൽ നേരിട്ടവർക്കു തന്നെയാണ് നഖങ്ങളും നഷ്ടപ്പെടുന്നത്.
നഖം പൊട്ടുകയും ദിവസങ്ങൾക്കകം പൂർണമായും കൊഴിഞ്ഞു പോകുകയുമാണ്. ദിവസവും കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുന്നു. വിശദ പരിശോധനയ്ക്കായി ഗ്രാമീണരുടെ രക്ത സാമ്പിളുകൾ
ശേഖരിച്ചതായി അധികൃതർ അറിയിച്ചു. ഗ്രാമങ്ങളിലെ മണ്ണിലും വെള്ളത്തിലും സെലേനിയം ലോഹത്തിന്റെ അളവ് വർധിച്ചതാണ് കാരണമെന്നാണ് നിഗമനം. അതേസമയം ഇനി ഏതു രോഗമാണ് ഉണ്ടാകാനിരിക്കുന്നതെന്നതിൽ ഗ്രാമീണർ ആശങ്കപ്പെടുകയാണ്.
