കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടിടങ്ങളില്‍ ട്രാക്കില്‍ കല്ലുകളും മരക്കഷ്ണങ്ങളും കയറ്റിവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട, ഇലന്തൂരിലെ ജോജി തോമസി(28)നെയാണ് ബേക്കല്‍ എസ്.ഐ എം സവ്യസാചി അറസ്റ്റു ചെയ്തത്. ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ എന്‍ രഞ്ജിത്ത് കുമാര്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. വ്യാഴാഴ്ച പുലര്‍ച്ചെ ഉദുമ റെയില്‍വെ ഗേറ്റിനു സമീപത്തു ട്രാക്കില്‍ കല്ലും കോട്ടിക്കുളം ചിറമ്മലില്‍ മരക്കഷ്ണവും കയറ്റി വച്ചാണ് അട്ടിമറി ശ്രമം നടത്തിയത്. പുലര്‍ച്ചെ 1.40 മണിക്കും 1.50 മണിക്കും ഇടയില്‍ ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് കടന്നു പോകേണ്ടുന്നതിനു തൊട്ടുമുമ്പാണ് സംഭവം. ലോക്കോ പൈലറ്റാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അക്രമത്തിനു പിന്നില്‍ ജോജി തോമസാണെന്നു കണ്ടെത്തി കയ്യോടെ പിടികൂടിയത്. ഇയാള്‍ക്കെതിരെ സമാന ആരോപണങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടത്രെ.
