ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കുറ്റകൃത്യം മറച്ചു വയ്ക്കാൻ മൃതദേഹത്തിൽ പാമ്പിനെ കൊണ്ടു കടിപ്പിച്ച യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമിത് (25) ആണ് കൊല ചെയ്യപ്പെട്ടത്. ഭാര്യ രവിത, കാമുകൻ അമർദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. തന്റെ സുഹൃത്തായ അമർദീപും രവിതയും തമ്മിലുള്ള വഴിവിട്ട ബന്ധം അമിത് അറിയുകയും അതു സംബന്ധിച്ചു രവിതയും അമിത്തും തമ്മിൽ തർക്കം പതിവാവുകയും ചെയ്തതോടെയാണ് അമിത്തിനെ കൊലപ്പെടുത്താനും കേസിൽ നിന്നു രക്ഷപ്പെടാനും ഇരുവരും പദ്ധതി തയാറാക്കിയത്. ഇതിനായി 1000 രൂപ നൽകി ഒരു പാമ്പിനെ വാങ്ങി. ജോലി കഴിഞ്ഞെത്തിയ അമിത്തിനെ ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പിനെ ദേഹത്തേക്ക് ഇടുകയായിരുന്നു. തുടർന്ന് അമിത് പാമ്പ് കടിയേറ്റു മരിച്ചതായി ചൂണ്ടിക്കാട്ടി നാട്ടുകാരെ വിളിച്ചു കൂട്ടി. തിരച്ചിൽ നടത്തിയ നാട്ടുകാർ പാമ്പിനെ കണ്ടെത്തി. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പാമ്പു കടിയേറ്റത്തിനൊപ്പം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിന്റെയും തെളിവുകൾ ലഭിച്ചു. ഇതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു
