ആലപ്പുഴ: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കീഴ്ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. വിഗ്രഹത്തിൽ ചാർത്തുന്ന 20 പവനോളം സ്വർണം ഇയാൾ മോഷ്ടിക്കുകയായിരുന്നു. വിഷുദിനത്തിലാണ് മോഷണം നടന്നത്. ക്ഷേത്ര മേൽശാന്തി അവധിയിലായിരുന്നതിനാൽ രാമചന്ദ്രനാണ് പൂജകൾ നടത്തിയിരുന്നത്. തക്കം മുതലാക്കി 10 പവന്റെ മാല, മൂന്നര പവന്റെ കിരീടം, 2 നെക്ലേസുകൾ എന്നിവയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. ഇവ എറണാകുളത്തെ ബാങ്കിൽ പണയം വച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.
