തൃശൂർ: അതിരപ്പിള്ളി ഗ്രാമത്തിൽ കാട്ടാന ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടുള്ള ജനകീയ ഹർത്താൽ ആരംഭിച്ചു. 2 ദിവസത്തിനിടെ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപെട്ട 3 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹർത്താൽ. സർവകക്ഷിയോഗമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. വൈകുന്നേരം 6 മണിവരെയാണ് ഹർത്താൽ.
ഞായറാഴ്ച രാത്രി സെബാസ്റ്റ്യൻ (20) ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ആദ്യ സംഭവം. തിങ്കളാഴ്ച രാത്രി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തെ വനത്തിൽ ബന്ധുക്കളായ സതീഷ്(34), അംബിക(30) എന്നിവരും മരിച്ചു. സതീഷിനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നതാണെന്നാണ് നിഗമനം. ആനയെ ഭയന്നോടുന്നതിനിടെ അംബിക പുഴയിൽ വീണു മരിക്കുകയായിരുന്നു. മഞ്ഞക്കൊമ്പൻ എന്ന മദപ്പാടുള്ള കാട്ടാനയാണ് ആക്രമണങ്ങൾ അഴിച്ചു വിടുന്നതെന്നാണ് വിവരം. മേഖലയിൽ കാട്ടാന ആക്രമണങ്ങളിൽ മരണം പതിവായിട്ടും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നു ആക്ഷേപം ശക്തമാണ്.
